Lionel Messi: 'മോശമാണല്ലോ'; ആരാധകരെ നിരാശപ്പെടുത്തി തുടക്കം, കളിയിലെ താരമായി ഒടുക്കം
79-ാം മിനിറ്റിലെ അർജന്റീനയുടെ ആദ്യ ഗോൾ മുതൽ സീൻ മൊത്തം മാറി
Lionel Messi
Lionel Messi: ഒരു ജീനിയസ് കളിക്കാരനു തിരിച്ചുവരവ് നടത്താൻ വെറും പത്ത് മിനിറ്റ് മാത്രം മതിയെന്ന് ആവർത്തിച്ച് അർജന്റീന നായകൻ ലയണൽ മെസി. ഈജിപ്തിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ മോശം കളിക്ക് പരിഹാസവും വിമർശനവും ഏറ്റുവാങ്ങിയ താരം അവസാന 15 മിനിറ്റ് കൊണ്ട് താൻ ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച താരമായത് എന്തുകൊണ്ടെന്ന് തെളിയിച്ചു.
ആദ്യ പകുതിയിൽ മെസി ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. ഈ ലോകകപ്പിൽ നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ പെനാൽറ്റി. ഈജിപ്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്കു മുന്നിട്ടുനിൽക്കുകയായിരുന്നു കളിയുടെ 78-ാം മിനിറ്റ് വരെ. പലപ്പോഴും ചില ഒറ്റപ്പെട്ട ആക്രമണങ്ങൾക്കു മെസി ശ്രമിച്ചെങ്കിലും അതൊന്നും ഫലംകണ്ടില്ല.
എന്നാൽ 79-ാം മിനിറ്റിലെ അർജന്റീനയുടെ ആദ്യ ഗോൾ മുതൽ സീൻ മൊത്തം മാറി, അല്ല മാറ്റി സാക്ഷാൽ മെസി. ക്രിസ്റ്റ്യൻ റൊമേരോ അടിച്ച ആദ്യ ഗോൾ മെസിയുടെ പാസിൽ നിന്നാണ്. തൊട്ടുപിന്നാലെ 83-ാം മിനിറ്റിൽ മെസിയുടെ ഗോൾ. ഈ ലോകകപ്പിലെ താരത്തിന്റെ എട്ടാം ഗോളാണിത്. ഫൈനൽ വിസിലിനു മുൻപ് അർജന്റീനയുടെ മൂന്നാം ഗോൾ എൻസോ ഫെർണാണ്ടസിലൂടെ പിറന്നു. ഈ ഗോളിനായുള്ള ആദ്യത്തെ നിർണായക നീക്കമടക്കം മെസിയിൽ കാലിൽ നിന്നാണ്. കളി കഴിയുമ്പോൾ മാൻ ഓഫ് ദ് മാച്ചായി അർജന്റീന നായകൻ വിമർശകരുടെ വായ അടപ്പിച്ചു.