'അപ്പനെ പോലെ തന്നെ, ചെക്കന് ഒരു പേടിയുമില്ല'; ആര്യവീർ സെവാഗ് ഇന്ത്യൻ ടീമിലെത്തുമോ?
Aaryavir Sehwag
ഏത് ബൗളർമാരെയും ഭയമില്ലാതെ നേരിടുന്ന വിരേന്ദർ സെവാഗിനെ ഓർമപ്പെടുത്തുകയാണ് ഈ 19 കാരൻ. കക്ഷി മറ്റാരുമല്ല വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് ! അച്ഛനെ പോലെ തന്നെയാണ് ആര്യവീർ ഓരോ ബൗളർമാരെയും സമീപിക്കുന്നത്, തെല്ലും പേടിയില്ലെന്ന് മാത്രമല്ല ആക്രമിച്ചു കളിക്കുകയെന്ന ലെഗസിയും ആവർത്തിക്കുന്നു.
അണ്ടർ 19 ഏഷ്യാ കപ്പിൽ നേപ്പാളിനെ ഇന്ത്യ 10 വിക്കറ്റ് തകർത്തപ്പോൾ 52 പന്തിൽ 70 റൺസുമായി ആര്യവീർ പുറത്താകാതെ നിൽക്കുന്നുണ്ടായിരുന്നു. ഓപ്പണറായി ക്രീസിലെത്തിയ ആര്യവീർ ഏഴ് ഫോറുകളും നാല് സിക്‌സും പറത്തി. സ്‌ട്രൈക് റേറ്റ് 134.62 ആണ്. സെവാഗിനെ ഓർമിപ്പിക്കുന്ന തരത്തിൽ നിരവധി ഷോട്ടുകളാണ് ആര്യവീർ കളിച്ചത്.
ആര്യവീർ അർധ സെഞ്ചുറി നേടിയ രീതിയാണ് ആരാധകരെ അതിശയിപ്പിച്ചത്. നേപ്പാൾ ബൗളർ അഭയ് യാദവിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്‌സർ പറത്തിയായിരുന്നു അർധ സെഞ്ചുറി തികയ്ക്കൽ. ബൗണ്ടറിയിലൂടെ അർധ സെഞ്ചുറിയും സെഞ്ചുറിയും പൂർത്തിയാക്കുന്ന സെവാഗ് സ്റ്റൈൽ ആര്യവീർ ആവർത്തിച്ചു.
വിനു മങ്കാദ് ട്രോഫിയിൽ ഡൽഹിക്കായി മികച്ച പ്രകടനമാണ് ആര്യവീർ കാഴ്ചവെച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യക്കായി അണ്ടർ 19 കളിക്കാൻ സെവാഗിന്റെ മകന് വാതിൽ തുറക്കപ്പെട്ടത്. ഛത്തീസ്ഗഢിനെതിരെ 143 പന്തിൽ 19 ഫോറും എട്ട് സിക്‌സും സഹിതം 173 റൺസ് നേടി താരം. ഈ ടൂർണമെന്റിൽ ഡൽഹിയെ നയിക്കുകയും ചെയ്തു. വരുന്ന ഐപിഎലിൽ ആര്യവീർ കളിക്കാനാണ് സാധ്യത. അങ്ങനെ ഇന്ത്യയുടെ രാജ്യാന്തര താരമാകുകയാണ് ആര്യവീറിന്റെ ലക്ഷ്യം. Also Read: 'ബാർ ഉടമയെ മന്ത്രിക്ക് നന്നായി അറിയാം, ചോദിച്ചാൽ സത്യമറിയാം'; എക്‌സൈസ് മന്ത്രിക്കെതിരെ സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ പരാമർശം
