'ബാർ ഉടമയെ മന്ത്രിക്ക് നന്നായി അറിയാം, ചോദിച്ചാൽ സത്യമറിയാം'; എക്‌സൈസ് മന്ത്രിക്കെതിരെ സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ പരാമർശം
കായംകുളത്തെ ബാർ ഉടമയുമായി എക്‌സൈസ് മന്ത്രി എം.ലിജുവിന് വളരെ അടുത്ത ബന്ധമെന്ന് എക്‌സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ സാംബശിവ റാവു ഐഎഎസ്. സ്ഥലംമാറ്റം ലഭിച്ചതിനു പിന്നാലെ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് സാംബശിവ റാവു ഇക്കാര്യം പറയുന്നത്.
ജോയിന്റ് എക്സൈസ് കമ്മിഷണർ അജയ് ആലപ്പുഴ ഡിസി ആയിരിക്കെ കായംകുളം കുറ്റച്ചിറയിലെ റോമ സെന്റർ ബാർ ഉടമയിൽ നിന്ന് 30,000 രൂപ കൈപറ്റിയതായി ആരോപണമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റോമ സെന്റർ ബാർ ഉടമയുമായി എക്‌സൈസ് മന്ത്രി എം.ലിജുവിന് അടുത്ത ബന്ധമുണ്ട്. ബാർ ഉടമ ഇതുവരെ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എത്ര രൂപ നൽകിയെന്ന് മന്ത്രിക്ക് അറിവുണ്ടാകുമെന്ന ആരോപണവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ജോയിന്റ് എക്സൈസ് കമ്മിഷണർ എസ്.വിനോദ് മൂവാറ്റുപുഴ ഗംഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുകയും ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ലെയ്സൺ ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. വിനോദ് ഗംഗാ ബാറിൽ നിന്ന് 50,000 രൂപ കൈപ്പറ്റി. ഡെപ്യൂട്ടി കമ്മിഷണർ അജയ് കറ്റച്ചിറയിലെ റോമ സെന്റർ ബാറിൽ ഇൻസ്പെക്ഷന് പോകുമ്പോൾ ബാർ ഉടമയിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നു. എസ്. വിനോദ്, അജയ് എന്നിവരെ അടിയന്തരമായി ഫീൽഡ് ചുമതലകളിൽ നിന്ന് നീക്കണം, മാസപ്പടി, വരുമാനത്തിൽ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നിവയിൽ ഈ രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണമെന്നും സാംബശിവ റാവു പറയുന്നു. Also Read: ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !
