'എന്നെ ദേശദ്രോഹിയെന്നും ഒറ്റുകാരനെന്നും വിളിച്ചു'; ഗംഭീറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശ്രീശാന്ത്
2007 ലും 2011 ലും ഇന്ത്യ ടി 20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവ നേടുമ്പോൾ ഗംഭീറും ശ്രീശാന്തും ടീമിന്റെ ഭാഗമായിരുന്നു
ഇന്ത്യ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഇന്ത്യയുടെ മുൻ പേസർ എസ്.ശ്രീശാന്ത്. 2023 ഡിസംബറിൽ നടന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിനിടെ (LLC) ഗംഭീർ തന്നെ അധിക്ഷേപിച്ചെന്ന് ശ്രീശാന്ത് പറയുന്നു. 'വാതുവയ്പ്പുകാരൻ, ഒറ്റുകാരൻ, ദേശദ്രോഹി' എന്നീ വാക്കുകൾ തനിക്കെതിരെ ഗംഭീർ ഉപയോഗിച്ചെന്നാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.
' ഞാൻ അദ്ദേഹത്തിനെതിരെ പന്തെറിയുകയായിരുന്നു. എന്റെ ആദ്യ പന്ത് ഗൗതി (ഗംഭീർ) സ്റ്റെപ്പ് ഔട്ട് ചെയ്തുകൊണ്ട് ഫ്‌ളിക് ചെയ്തു. എന്റെ കളിയും ശൈലിയും അദ്ദേഹത്തിനു അറിയാം. ഗൗതി വളരെ മികച്ച ക്രിക്കറ്ററാണ്. പരിശീലകൻ എന്ന നിലയിൽ എനിക്ക് വലിയ ധാരണയില്ല. പക്ഷേ മികച്ച കളിക്കാരനാണ് അദ്ദേഹം. തൊട്ടടുത്ത പന്ത് ഞാൻ ബൗൺസർ എറിഞ്ഞു,'
' ബൗൺസർ എറിഞ്ഞതും അദ്ദേഹം എന്നെ എന്താണ് വിളിച്ചതെന്ന് അറിയുമോ? 'ഞാൻ നിന്നെ വിലയ്‌ക്കെടുക്കുന്നു' എന്ന്. ആ വാക്കുകളിൽ നിന്ന് കൃത്യമായി മനസിലാക്കാം, എന്നെ അധിക്ഷേപിച്ചതാണ്. എന്നെ 'വാതുവയ്പ്പുക്കാരൻ' എന്ന് വിളിക്കുക തന്നെയാണ് അദ്ദേഹം ചെയ്തത്,'
' അത് സംഭവിച്ചപ്പോൾ ഞാൻ മുൻപിലേക്ക് നടന്ന് അദ്ദേഹത്തിനു അരികിലേക്ക് എത്തി. 'ഗൗതി ഭായ്, നിങ്ങൾക്കു കുഴപ്പമൊന്നും ഇല്ലല്ലോ' എന്ന് ചോദിച്ചു. ഞാൻ അത്യാവശ്യം ശരീരമുള്ള ആളായതിനാൽ അദ്ദേഹത്തെ അടിക്കുമെന്ന തോന്നൽ ഉണ്ടായിക്കാണും. പിന്നീട് അദ്ദേഹം എന്നെ തെറി വിളിക്കുകയായിരുന്നു. മോശം വാക്കുകൾ പ്രയോഗിച്ചു. 'വാതുവയ്പ്പുക്കാരൻ, ദേശദ്രോഹി' എന്നെല്ലാം വിളിച്ചു,' ശ്രീശാന്ത് പറഞ്ഞു.
2007 ലും 2011 ലും ഇന്ത്യ ടി 20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവ നേടുമ്പോൾ ഗംഭീറും ശ്രീശാന്തും ടീമിന്റെ ഭാഗമായിരുന്നു. ഇരുവരുടെയും കരിയർ അവസാനിക്കുന്ന സമയത്ത് പരസ്പരം അകലുകയായിരുന്നു. 2013 ലെ ഐപിഎൽ വാതുവയ്പ്പിൽ ശ്രീശാന്തിനു ആജീവനാന്ത വിലക്ക് ലഭിച്ചിരുന്നു. ഇതെല്ലാം ഉദ്ദേശിച്ചാണ് ഗംഭീറിന്റെ പരാമർശം.