എന്നെ കൊണ്ടൊക്കില്ല ഈ ടീമിനെ നന്നാക്കാൻ, പാക് ടീമിന് മുന്നിൽ കൈ മലർത്തി വസീം അക്രം
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അവരുടെ ചരിത്രത്തിലെ എറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തുടര്‍ച്ചയായ തോല്‍വികളും മികച്ച താരങ്ങളുടെ അഭാവവും ഭരണപരമായ പ്രശ്‌നങ്ങളുമാണ് പാക് ക്രിക്കറ്റിനെ വലിയ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്‍പായി വലിയ അഴിച്ചുപണി നടത്തിയിട്ടും പ്രകടനത്തില്‍ കാര്യമായ മാറ്റമൊന്നും കൊണ്ടുവരാന്‍ പാകിസ്ഥാന്‍ ടീമിനായിട്ടില്ല. ഈ സാഹചര്യത്തില്‍ പാക് ക്രിക്കറ്റിനെ രക്ഷിക്കാന്‍ തനിക്കെന്നല്ല ആരെകൊണ്ടും സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാക് നായകനും ഇതിഹാസ പേസറുമായ വസീം അക്രം.
മൂന്നാം ടെസ്റ്റും തോറ്റ് ഇംഗ്ലണ്ടിനോട് പാകിസ്ഥാന്‍ 3-0ത്തിന് പരാജയപ്പെട്ടാലും തനിക്കതില്‍ വലിയ അത്ഭുതമൊന്നും തോന്നില്ലെന്ന് അക്രം തുറന്ന് പറഞ്ഞു. പ്രശ്‌നം കളിക്കാരിലോ ക്രിക്കറ്റ് ബോര്‍ഡിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നാണ് അക്രം പറയുന്നത്. പല കളിക്കാരുടെയും മനോഭാവം തന്നെ ശരിയല്ലെന്നും അത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അക്രം പറയുന്നു..
പരമ്പരയ്ക്ക് മുന്‍പ് തന്നെ ഇംഗ്ലണ്ടിനോട് പാകിസ്ഥാന്‍ 3-0ത്തിന് പരമ്പര തോല്‍ക്കുമെന്ന് എനിക്കറിയാമായിരുന്നു. പാക് ബാറ്റിംഗ് തകര്‍ച്ചയിലാണ്. ബൗളിങ്ങും ശരാശരിക്ക് താഴെയെത്തി. ഫീല്‍ഡിങ് നിലവാരത്തെ പറ്റി പറയേണ്ടതില്ല. ഇതൊക്കെ മനസിലാക്കാന്‍ റോക്കറ്റ് സയന്‍സൊന്നും പഠിക്കേണ്ട കാര്യമില്ല. പാക് ക്രിക്കറ്റിനെ രക്ഷിക്കാന്‍ സഹായിക്കാമോ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ആ പ്രശ്‌നങ്ങള്‍ ഞാന്‍ വിചാരിച്ചാല്‍ തീരുന്നതല്ല. ഈ കളിക്കുന്ന താരങ്ങള്‍ മാത്രമാണ് പാക് ടീമിലെ മുന്‍നിര താരങ്ങള്‍. അതിനപ്പുറം ആരും തന്നെയില്ല. പുതിയ കളിക്കാരെ വളര്‍ത്തിയെടുക്കാനുള്ള ഒരു പ്രവര്‍ത്തനവും താഴെ തട്ടില്‍ നടക്കുന്നില്ല. രാജ്യത്തെ ഫസ്റ്റ് ക്ലാസ്, ആഭ്യന്തര ക്രിക്കറ്റെല്ലാം തകര്‍ന്ന് കിടക്കുകയാണ്.
ഈ നിരാശയും തകര്‍ച്ചയുമെല്ലാം ആരാധകരിലേക്കും പടരുകയാണ്. ടീം തോല്‍ക്കുന്നത് കാണുമ്പോള്‍ അവര്‍ക്കെല്ലാം നിരാശ വരുന്നു. എല്ലാം തകര്‍ത്ത് കളയാന്‍ അവരും ആഗ്രഹിക്കുന്നു. നിലവില്‍ പാക് ക്രിക്കറ്റില്‍ എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചാല്‍ ഒന്നും ബാക്കിയില്ലെന്ന് സമ്മതിക്കേണ്ടതായി വരും. അക്രം വ്യക്തമാക്കി.