കളി ഇന്ത്യയിൽ നിന്ന് മാറ്റില്ല, ബംഗ്ലാദേശ് വെണമെങ്കിൽ തിരുവനന്തപുരത്തോ ചെന്നൈയിലോ പോയി കളിക്കു, നിലപാട് വ്യക്തമാക്കി ഐസിസി
2026 ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തള്ളിയേക്കുമെന്ന് സൂചന. ബംഗ്ലാദേശിനായി കൊല്‍ക്കത്തയിലും മുംബൈയിലുമായി നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് മാറ്റാനാണ് ഐസിസി ആലോചിക്കുന്നത്.
ബംഗ്ലാദേശിന് ഇന്ത്യയില്‍ സുരക്ഷിതമായി കളിക്കാവുന്ന വേദികളായി ചെന്നൈയും തിരുവനന്തപുരവുമാണ് ഐസിസി മുന്നോട്ട് വെച്ചിരിക്കുന്നത്. ടി20 ലോകകപ്പ് നടക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ഐപിഎല്ലില്‍ നിന്ന് ബംഗ്ലാദേശ് താരമായ മുസ്തഫിസുര്‍ റഹ്‌മാനെ ബിസിസിഐ ഒഴിവാക്കിയതെ തുടര്‍ന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയുമായി ഇടഞ്ഞത്. ഇതിന് പിന്നാലെ തങ്ങളുടെ ഇന്ത്യയിലെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെടുകയായിരുന്നു.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് അതേ രാജ്യങ്ങളില്‍ നിലനിര്‍ത്താനാണ് ഐസിസി ശ്രമിക്കുന്നത്. ലോകകപ്പില്‍ ഇറ്റലി,നേപ്പാള്‍,ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് മത്സരിക്കുന്നത്.