അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ജനുവരി 2026 (16:24 IST)
അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്ന് പുറത്തുവരുന്നത് ഭീതിപ്പെടുത്തുന്ന വാർത്തകൾ. ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷകൾക്കിടയിലും ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണങ്ങൾ
രാജ്യത്തെ അരാജകത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യവസായിയും മാധ്യമപ്രവർത്തകനുമായ റാണാ പ്രതാപിനെ അക്രമിസംഘം തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തിയതാണ് ഏറ്റവും പുതിയ സംഭവം. സമാന സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 5 പേരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇത് യാദൃശ്ചികമായ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന വിമർശനമാണ് ഉയരുന്നത്. ഒരു ഹിന്ദു യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട വാർത്തകൾ കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിൽ നിന്നും പുറത്തുവന്നത്.
അയൽരാജ്യത്തെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന് ബാധ്യതയുണ്ടെന്നും എന്നാൽ ബംഗ്ലാദേശ് സർക്കാർ നിസ്സംഗത പാലിക്കുന്നുവെന്നുമാണ് ഇന്ത്യയുടെ വിമർശനം.