രേണുക വേണു|
Last Modified വ്യാഴം, 8 ജനുവരി 2026 (10:08 IST)
ധാക്ക: ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍
പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് (9.2 കോടി രൂപ) സ്വന്തമാക്കിയ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ ഇന്ത്യയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് ബംഗ്ലാദേശ് താരത്തെ ഐപിഎല്‍ കളിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയത്.
ബിസിസിഐയുടെ ഈ തീരുമാനമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടുപ്പിച്ചത്. ഒരു ബംഗ്ലാദേശി താരത്തിന് സുരക്ഷ ഉറപ്പ് പറയാനാകില്ലെങ്കില്‍
ഇന്ത്യ വേദിയാകുന്ന ലോകകപ്പ് മത്സരങ്ങളില്‍ തങ്ങള്‍ക്ക് കളിക്കനാവില്ലെന്നും ഈ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ല ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ ആവശ്യം കഴിഞ്ഞ ദിവസം ഐസിസി തള്ളിയിരുന്നു.
അവസാന നിമിഷം ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്നും ഇന്ത്യയില്‍ കളിച്ചില്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് 'രാജ്യത്തിന്റെ അന്തസ് പണയപ്പെടുത്തിക്കൊണ്ട് ലോകകപ്പില്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എത്തിയിരിക്കുന്നത്. കളിക്കാര്‍ക്കും കാണികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്ത്യയില്‍ സുരക്ഷയുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ബംഗ്ലാദേശിന്റെ സ്‌പോര്‍ട്‌സ് അഡൈ്വസര്‍ ആസിഫ് നസ്രുള്‍ പ്രതികരിച്ചു.
മുസ്തഫിസുറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേക്ഷണം അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരുന്നു. ജനുവരി അഞ്ചിനാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോകകപ്പ് വെറും ഒരു മാസത്തിലേറെ മാത്രം അകലെയായതിനാല്‍ വേഗത്തില്‍ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.