വികാരം വെച്ച് തീരുമാനമെടുക്കരുതെന്ന് തമീം ഇഖ്ബാല്‍, തമീം ഇന്ത്യന്‍ ഏജന്റെന്ന് ബിസിബി അംഗം, ബംഗ്ലാദേശില്‍ തുറന്ന പോര്

Bangladesh cricket, Tamim Iqbal,T20 worldcup,India,ICC,ബംഗ്ലാദേശ് ക്രിക്കറ്റ്, തമീം ഇഖ്ബാൽ, ടി20 ലോകകപ്പ്,ഇന്ത്യ, ഐസിസി
രേണുക വേണു| Last Modified വെള്ളി, 9 ജനുവരി 2026 (14:40 IST)
ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പങ്കെടുക്കണമോ എന്ന തീരുമാനത്തില്‍ വികാരത്തിന് ഇടം നല്‍കരുതെന്നും ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വേണം തീരുമാനമെടുക്കേണ്ടതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കി മുന്‍ ബംഗ്ലാദേശ് നായകന്‍ തമീം ഇഖ്ബാല്‍.

സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നടക്കേണ്ട മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തമീമിന്റെ പ്രതികരണം. ഇപ്പോള്‍ സാഹചര്യം അല്‍പം ഗുരുതരമാണ്. എന്നാല്‍ എല്ലാവരും ഒത്തുചേര്‍ന്നാല്‍ സംഭാഷണത്തിലൂടെ പല പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് ഓര്‍ക്കണം. ബംഗ്ലാദേശ് ലോക ക്രിക്കറ്റില്‍ എവിടെയാണ് നില്‍ക്കുന്നതെന്നും ഭാവി എന്തായിരിക്കുമെന്നും കണക്കിലെടുത്ത് വേണം തീരുമാനമെടുക്കാന്‍, തമീം പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് വിവാദം രൂക്ഷമായത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ശക്തമായതോടെയാണ് ഐപിഎല്ലില്‍ നിന്നും ബംഗ്ലദേശ് താരത്തെ ഒഴിവാക്കിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ സുരക്ഷാ സംവിധായങ്ങളില്‍ ആശങ്ക അറിയിച്ച് ബംഗ്ലാദേശ് ഐസിസിയെ സമീപിക്കുകയും ഇന്ത്യയില്‍ നടക്കേണ്ട തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.


എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ വികാരത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കരുതെന്നാണ് തമീം മുന്നറിയിപ്പ് നല്‍കിയത്. ബംഗ്ലാദേശ് ക്രിക്കറ്റിനും കളിക്കാര്‍ക്കും ഏറ്റവും നല്ലതെന്താണെന്ന് പരിഗണിച്ച് തീരുമാനമെടുക്കണമെന്നും
തമീം ആവശ്യപ്പെട്ടു. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ
വരുമാനത്തില്‍ 95 ശതമാനവും ഐസിസിയില്‍ നിന്നാണ് വരുന്നതെന്നും തമീം ഓര്‍മിപ്പിച്ചു.

എന്നാല്‍ തമീമിന്റെ ഈ നിലപാടിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിസിബി അംഗമായ നജ്മുള്‍ ഇസ്ലാം.ഒരു ഇന്ത്യന്‍ ഏജന്റിന്റെ അഭിപ്രായമാണ് നമ്മള്‍ കാണുന്നതെന്ന് പറഞ്ഞുകൊണ്ട് തമീം ഇഖ്ബാലിന്റെ ചിത്രമടക്കം പങ്കുവെച്ചാണ് നജ്മുള്‍ പ്രതികരിച്ചത്.അതേസമയം ഇന്ത്യയിലെ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി വീണ്ടും ഐസിസിക്ക് കത്തയച്ചു. ലോകകപ്പ് കളിക്കാന്‍ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്നാണ് ബംഗ്ലാാദേശ് സര്‍ക്കാറിലെ സ്‌പോര്‍ട്‌സ് അഡൈ്വസറായ ആസിഫ് നസ്രുളും വ്യക്തമാക്കിയിരിക്കുന്നത്. കളിക്കാരുടെ സുരക്ഷ പ്രധാനമാണെന്ന് ബിസിബി പ്രസിഡന്റ് അമിനുള്‍ ഇസ്ലാമും പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :