ധാക്ക: 2026-ല്‍ നടക്കാനിരിക്കുന്ന പുരുഷ ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐ.സി.സി തള്ളി. സുരക്ഷാകാരണങ്ങളും രാഷ്ട്രീയ സാഹചര്യവും മുന്‍നിര്‍ത്തി ഇന്ത്യയിലെ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ടൂര്‍ണമെന്റ് മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും
മത്സരക്രമം അനുസരിച്ച് കളിക്കാന്‍ ബംഗ്ലാദേശ് തയ്യാറാകണമെന്നും ഐസിസി ആവശ്യപ്പെട്ടതായി ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ നിന്നും ബംഗ്ലാദേശി താരമായ മുസ്തഫിസുര്‍ റഹ്‌മാനെ ബിസിസിഐ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടി20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കുന്നതില്‍ സുരക്ഷാപരമായ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്ത് വന്നത്. എന്നാല്‍ ലോകകപ്പ് പോലൊരു വന്‍കിട ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ അവസാന നിമിഷം മാറ്റുന്നത് പ്രായോഗികമല്ലെന്നും ബ്രോഡ്കാസ്റ്റിംഗ് കരാറുകളെ അത് ബാധിക്കുമെന്നുമുള്ള നിലപാടാണ് ഐസിസി എടുത്തിരിക്കുന്നത്.
അടുത്തമാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ 3 മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദിയാകുന്നത്. ഫെബ്രുവരി 7,9,14 തീയ്യതികളില്‍ വെസ്റ്റിന്‍ഡീസ്, ഇറ്റലി,ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയാണ് ബംഗ്ലാദേശിന്റെ മത്സരങ്ങള്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫെബ്രുവരി 17ന് മുംബൈയില്‍ നേപ്പാളിനെയും ബംഗ്ലാദേശ് നേരിടും.