Tilak Varma: ഒച്ചിഴയും പോലെ 'വേഗത'; എത്രനാൾ അവസരം നൽകണം?
ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ 10 പന്തിൽ 13 റൺസാണ് തിലകിന്റെ സമ്പാദ്യം
Tilak Varma: ട്വന്റി 20 ഫോർമാറ്റിൽ 'ഒച്ചിഴയും' പോലെ വേഗം, കളി കാണുന്നവർക്കു ഉറക്കം വന്നേക്കാം...! തിലക് വർമ രൂക്ഷമായി വിമർശിക്കപ്പെടുകയാണ്. ആക്രമിച്ചു കളിക്കാനുള്ള കെൽപ്പുണ്ടായിട്ടും എന്തുകൊണ്ട് ഏകദിന ശൈലിയിൽ അതിവേഗ ഫോർമാറ്റിലും കളിക്കുന്നു എന്നതാണ് തിലകിനെതിരായ ചോദ്യം.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ 10 പന്തിൽ 13 റൺസാണ് തിലകിന്റെ സമ്പാദ്യം. അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ 21 പന്തുകൾ നേരിട്ടാണ് 19 റൺസെടുത്തത്. അയർലൻഡിനെതിരായ രണ്ടാം ടി20യിൽ 55 റൺസുമായി തിലക് വർമ്മ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. എന്നാൽ ഇന്നിങ്‌സിന്റെ വേഗതയെ ചൊല്ലി മുൻ താരങ്ങളിൽ നിന്ന് വിമർശനവും ഉയർന്നിരുന്നു.
മധ്യനിരയിൽ ടീമിന് സ്ഥിരത നൽകാൻ കഴിയുന്ന താരമെന്ന വിശ്വാസം ഇന്ത്യൻ ടീം മാനേജ്‌മെന്റിന് ഇപ്പോഴും ഉള്ളതുകൊണ്ടാണ് തിലക് ടീമിൽ തുടരുന്നത്. വൈസ് ക്യാപ്റ്റൻ എന്ന ഉത്തരവാദിത്വവും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. എന്നാൽ ഈ മെല്ലപ്പോക്ക് തുടർന്നാൽ അധികം വൈകാതെ തിലക് പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയുടെ എ ടീമിനെ നയിച്ചത് തിലക് ആണ്. ശ്രീലങ്ക എ ടീമിനെതിരായ ഫൈനലിൽ 90 പന്തുകൾ നേരിട്ടാണ് തിലക് 67 റൺസ് നേടിയത്. സ്ട്രൈക് റേറ്റ് വെറും 74.44 ആയിരുന്നു. മികച്ച സ്ട്രൈക് റേറ്റോടെ ബാറ്റ് ചെയ്യുന്ന ഒട്ടേറെ താരങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് തിലക് വർമയ്ക്കു തുടർച്ചയായി അവസരങ്ങൾ ലഭിക്കുന്നത്.