അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2025 (17:47 IST)
ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണറാവാന്‍ ഒട്ടേറെ മികച്ച താരങ്ങളുണ്ടായിട്ടും ശുഭ്മാന്‍ ഗില്ലിന് സ്ഥാനം നല്‍കിയത് സെലക്റ്റര്‍മാര്‍ ചെയ്ത വലിയ തെറ്റെന്ന് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. ഏഷ്യാകപ്പില്‍ ഗില്ലിനെ ഓപ്പണറാക്കുക വഴി ഇന്ത്യന്‍ ക്രിക്കറ്റിനെ പിറകോട്ട് നടത്തുകയാണ് സെലക്ടര്‍മാര്‍ ചെയ്തതെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ കൈഫ് വ്യക്തമാക്കി.
ഓപ്പണറാകാന്‍ ഗില്ലിനേക്കാള്‍ മികച്ച കളിക്കാര്‍ പുറത്തുണ്ടെന്ന് സെലക്ടര്‍മാര്‍ക്ക് അറിയാത്തതല്ല. ടി20 ഫോര്‍മാറ്റില്‍ സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ തുടങ്ങിയ താരങ്ങളെല്ലാം ഗില്ലിനേക്കാള്‍ മികച്ചവരാണ്. അക്ഷര്‍ പട്ടേലിനെ ഉപനായക സ്ഥാനത്ത് നിന്ന് മാറ്റിയതും സെലക്ടരുടെ പിഴവാണ്. ഉപനായകനായി തുടര്‍ന്നിരുന്നെങ്കില്‍ അക്ഷറിന് കൂടുതല്‍ മെച്ചപ്പെടാന്‍ അവസരമുണ്ടായിരുന്നു. ഈ അവസരമാണ് നഷ്ടപ്പെട്ടത്.
ഗില്ലിനെ ഓപ്പണറാക്കിയത് ശരിക്കും സെലക്ടര്‍മാരുടെ മോശം തീരുമാനമായിരുന്നു. ലോകകപ്പിന് മുന്‍പെ ഗില്ലിനെ മാറ്റിയത് മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നപ്പോഴാണ്. അത് ശരിയായ തീരുമാനമാണ്. പക്ഷേ ഗില്ലിനെ ഓപ്പണറാക്കിയത് വഴി ലോകകപ്പ് ടീമിനെ ഒരുക്കാനുള്ള വിലപ്പെട്ട സമയമാണ് സെലക്ടര്‍മാര്‍ പാഴാക്കിയത്. കൈഫ് പറഞ്ഞു.