Shubman Gill: ടീമിലുണ്ടാകില്ലെന്ന് ഗിൽ അറിഞ്ഞത് അവസാന മണിക്കൂറിൽ, ഒഴിവാക്കപ്പെട്ടതോടെ മാനസികമായി തകർന്നു

Shubman Gill
Shubman Gill
അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2025 (13:38 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഏകദിന- ടെസ്റ്റ് ഫോര്‍മാറ്റുകളിലെ നായകനായ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതില്‍ നാടകീയത. ടീം പ്രഖ്യാപനത്തിന് തൊട്ട് മുന്‍പ് മാത്രമാണ് ടീമില്‍ ഗില്ലിനെ പരിഗണിക്കുന്നില്ലെന്ന കാര്യം ടീം മാനേജ്‌മെന്റ് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയോടെയാണ് ടീം മാനേജ്‌മെന്റ് ഗില്ലിനെ വിവരം അറിയിക്കുന്നത്. 2 മണിക്ക് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു.


ഏഷ്യാകപ്പിനിടെ ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തിയ ഗില്ലിന് ടൂര്‍ണമെന്റില്‍ ഓപ്പണറെന്ന നിലയില്‍ തിളങ്ങാനായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലും നിറം മങ്ങിയതോടെ ഗില്ലിനെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ആരാധകരുടെ വിമര്‍ശനം സോഷ്യല്‍ മീഡിയകളിലും രൂക്ഷമായിരുന്നെങ്കിലും ലോകകപ്പ് ടീമില്‍ ഗില്‍ ഇടം പിടിക്കുമെന്നാണ് കരുതിയിരുന്നത്. ടീം പ്രഖ്യാപനം വന്നപ്പോള്‍ ഗില്‍ മാനസികമായി തകര്‍ന്നുവെന്നാണ് പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20 മത്സരത്തില്‍ പരിക്ക് മൂലം ഗില്ലിന് വിശ്രമം അനുവദിച്ചിരുന്നു. അവസാനമത്സരം കളിക്കാന്‍ ഗില്‍ തയ്യാറായിരുന്നുവെങ്കിലും ഉള്‍പ്പെടുത്തിയില്ല. പകരം ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ മികച്ച പ്രകടനം കൂടി നടത്തീയതോടെയാണ് ഗില്ലിന് പുറത്തേക്ക് വഴിയൊരുങ്ങിയത്. ലോകകപ്പിന് മുന്‍പായി ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ലോകകപ്പിന് തിരെഞ്ഞെടുക്കപ്പെട്ട സ്‌ക്വാഡായിരിക്കും ഇതില്‍ ഇന്ത്യയ്ക്കായി കളിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :