രേണുക വേണു|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2025 (15:37 IST)
അമിത ആക്രമണശൈലിയിലുള്ള ബാറ്റിംഗ് രീതിയില്‍ റിഷഭ് പന്ത് മാറ്റം വരുത്തിയില്ലെങ്കില്‍ ടെസ്റ്റ് ടീമില്‍ നിന്നും താരം പുറത്താകുമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നറായ അമിത് മിശ്ര. എതിരാളികള്‍ പന്തിന്റെ കളി എന്തെന്ന് സൂക്ഷ്മമായി മനസിലാക്കി കഴിഞ്ഞു. അതിനാല്‍ തന്നെ ഒരേ രീതിയില്‍ തന്നെ വിക്കറ്റ് വിക്കറ്റ് വലിച്ചെറിയുന്നത് പന്ത് ഒഴിവാക്കണമെന്നാണ് അമിത് മിശ്രയുടെ ഉപദേശം.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയില്‍ 2 മത്സരങ്ങളില്‍ നിന്ന് വെറും 49 റണ്‍സ് മാത്രമാണ് റിഷഭ് പന്ത് നേടിയത്. ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ നായകനായ റിഷഭിന്റെ ക്യാപ്റ്റന്‍സിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടികാണിച്ചാണ് മിശ്രയുടെ പ്രതികരണം.
റിഷഭ് പന്തില്‍ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്. പക്ഷേ ഇതാണ് എന്റെ കളി ശൈലി. ഞാന്‍ ഇങ്ങനെ മാത്രമെ കളിക്കു എന്ന രീതിയില്‍ മുന്നോട്ട് പോകാനാവില്ല. ചില പിച്ചുകളില്‍ ചില ഷോട്ടുകള്‍ ഫലിക്കില്ല. അങ്ങനെ കണ്ടാല്‍ അത് ഒഴിവാക്കണം. ഒരേ രീതിയില്‍ ഇനിയും നാലോ അഞ്ചോ മത്സരങ്ങളില്‍ കൂടി പുറത്തായാല്‍ ഒടുവില്‍ ടീമില്‍ നിന്ന് നിങ്ങള്‍ പുറത്താകും. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ മിശ്ര പറഞ്ഞു.
പന്തിന്റെ സ്വാഭാവികമായ ശൈലി ടീമിന് ഗുണകരമാണെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാനായി ശ്രമിക്കണം. അങ്ങനെയെങ്കില്‍ ശ്രീലങ്കന്‍ പര്യടനം പോലുള്ള വെല്ലുവിളികളില്‍ അത് താരത്തിന് തുണയാകും.
അമിത് മിശ്ര പറഞ്ഞു.