Suryakumar Yadav : ഒടുവിൽ ബിസിസിഐയുടെ നിർണായക തീരുമാനം, ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സൂര്യകുമാർ പുറത്ത്
ടി20 ലോകകപ്പ് നേടിയ നായകനാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി മോശം ബാറ്റിംഗ് പ്രകടനമാണ് താരം നടത്തുന്നത്.
ടി20 ലോകകപ്പ് വിജയിച്ച നായകന്‍ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് നേടിയ നായകനാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി മോശം ബാറ്റിംഗ് പ്രകടനമാണ് താരം നടത്തുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതോടെ സൂര്യയെ ബാറ്റര്‍ എന്ന നിലയിലും ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂസിലന്‍ഡിനെതിരെ നടന്ന 2026ലെ ലോകകപ്പ് ഫൈനല്‍ മത്സരമാകും ഇതോടെ സൂര്യകുമാര്‍ യാദവിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം. ഈ മാസം അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ പുതിയ നായകന് കീഴിലാകും ഇന്ത്യ കളിക്കുക. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവരെയാണ് നിലവില്‍ നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് സൂചന.
2024 ജൂലൈയില്‍ രോഹിത് ശര്‍മ വിരമിച്ചതിനെ തുടര്‍ന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയെ മറികടന്നാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി20 നായകനാകുന്നത്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഒരു പരമ്പര പോലും ഇന്ത്യ നഷ്ടപ്പെടുത്തിയിട്ടില്ല. 2025ലെ ഏഷ്യാകപ്പ് കിരീടം, 2026ലെ ടി20 ലോകകപ്പ് കിരീടവും നായകനെന്ന നിലയില്‍ സ്വന്തമാക്കി. എന്നാല്‍ 2025ന്റെ തുടക്കം മുതല്‍ കളിച്ച 25 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ 12.84 എന്ന മോശം ശരാശരിയാണ് സൂര്യയ്ക്കുള്ളത്. ഐപിഎല്ലില്‍ ഈ സീസണില്‍ 270 റണ്‍സ് മാത്രമാണ് സൂര്യയ്ക്കുള്ളത്. ഇതാണ് ടീം ബാറ്ററെന്ന നിലയില്‍ സൂര്യയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നിരിക്കുന്നത്. നിലവിലെ സൂര്യയുടെ പ്രായവും തീരുമാനത്തിന് പിന്നില്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
