1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Suryakumar yadav's bad streak with the bat continues in mumbai t20 league

മോനെ സൂര്യ... നീ ഇപ്പോഴും!, മുംബൈ ടി20 ലീഗിലും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്, ഇനിയൊരു തിരിച്ചുവരവില്ലെ?

ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലും താരം നിരാശപ്പെടുത്തിയിരുന്നു.

Suryakumar Yadav, Mumbai T20 league, Cricket News, Indian Team
രാജ്യാന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മോശം ഫോം മുംബൈ ടി20 ലീഗിലും തുടര്‍ന്ന് സൂര്യകുമാര്‍ യാദവ്. ഒരു സമയത്ത് മൈതാനത്തിന്റെ എല്ലാ വശങ്ങളിലേക്കും ഷോട്ടുകള്‍ പായിച്ച് 360 ഡിഗ്രി ക്രിക്കറ്ററെന്ന് അറിയപ്പെട്ടിരുന്ന സൂര്യ കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി റണ്‍സെടുക്കാന്‍ കഷ്ടപ്പെടുകയാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയ ടീമിന്റെ നായകനാണെങ്കിലും ബാറ്ററെന്ന നിലയില്‍ കഴിഞ്ഞ കുറേ കാലമായി സൂര്യയുടെ പ്രകടനം ശരാശരിയില്‍ താഴെയാണ്. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലും താരം നിരാശപ്പെടുത്തിയിരുന്നു.
 
2028ലെ ടി20 ലോകകപ്പ് ലക്ഷ്യം വെയ്ക്കുന്ന ഇന്ത്യന്‍ ടീം ഭാവി പദ്ധതികളില്‍ നിന്ന് സൂര്യയെ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് മുംബൈ ടി20 ലീഗിലും താരം പരാജയമായത്.  അജിങ്ക്യ രജാനെയുടെ നോര്‍ത്ത് മുംബൈ പാന്തേഴ്‌സുമായി നടന്ന മത്സരത്തില്‍ 12 പന്തില്‍ 19 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്.
 
അജിങ്ക്യ രഹാനെ നയിച്ച നോര്‍ത്ത് മുംബൈ പാന്ഥേഴ്സ് ഉയര്‍ത്തിയ 210 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് സൂര്യകുമാറിന്റെ ട്രയംഫ് നൈറ്റ്സ് മുംബൈ നോര്‍ത്ത് ഈസ്റ്റ് കളത്തിലിറങ്ങിയത്. മുന്‍നിര തകര്‍ന്നതോടെ നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ നാല് ബൗണ്ടറികളോടെ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ പവര്‍പ്ലേയ്ക്ക് തൊട്ടുപിന്നാലെ ഇടങ്കയ്യന്‍ സ്പിന്നര്‍ രാഹുല്‍ സാവന്തിന്റെ പന്തില്‍ വിക്കറ്റ് സമ്മാനിച്ച് താരം മടങ്ങുകയായിരുന്നു (12 പന്തില്‍ 19 റണ്‍സ്). ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി നൂതന്‍ ഗോയല്‍ 56 പന്തില്‍ 93 റണ്‍സ് അടിച്ചുകൂട്ടി പോരാടിയെങ്കിലും ട്രയംഫ് നൈറ്റ്സിന് 21 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
 
സൂര്യകുമാറിന്റെ ബാറ്റിങ് ഫോമില്‍ അടുത്ത കാലത്തുണ്ടായ ഇടിവ് ഏതൊരു ക്രിക്കറ്റ് പ്രേമിയെയും അദ്ഭുതപ്പെടുത്തുന്നതാണ്. ഒരു വര്‍ഷം മുന്‍പ് വരെ ട്വന്റി-20 ക്രിക്കറ്റിനെ ഭരിച്ചിരുന്ന ഒരു ബാറ്റര്‍ ടി20 ലോകകപ്പ് 2 തവണ വിജയിച്ചിട്ടും ടീമില്‍ നിന്നും പുറത്താവുന്ന ഘട്ടത്തിലാണ്. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ നിന്ന് 270 റണ്‍സ് മാത്രമാണ് സൂര്യയ്ക്ക് നേടാനായത്. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിനെതിരായ 84 റണ്‍സിന്റെ ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ സൂര്യയ്ക്ക് കഴിഞ്ഞിരുന്നില്ല.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇന്തോനേഷ്യ ഓപ്പണിൽ തകർപ്പൻ പ്രകടനം, 3 വർഷത്തിന് ശേഷം ലോക റാങ്കിങ്ങിൽ ആദ്യ പത്തിൽ തിരിച്ചെത്തി പി വി സിന്ധു