Shubman Gill: 'കോലി പോയാൽ ആരാകും മൂന്നാമൻ'; താൻ തന്നെയെന്ന് സൂചന നൽകി ഗിൽ
യശസ്വി ജയ്‌സ്വാൾ പ്ലേയിങ് ഇലവനിൽ എത്തിയതോടെ തന്റെ ഓപ്പണർ സ്ഥാനം ത്യജിക്കാൻ ഗിൽ തയ്യാറാകുകയായിരുന്നു
Shubman Gill: വിരാട് കോലിക്കു ശേഷം ഏകദിനത്തിൽ മൂന്നാമനായി ഇറങ്ങാൻ തനിക്കു പ്രാപ്തിയുണ്ടെന്ന് തെളിയിച്ച് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ വൺഡൗൺ ആയി ഇറങ്ങിയ ഗിൽ സെഞ്ചുറി നേടി കളിയിലെ താരമായി.
യശസ്വി ജയ്‌സ്വാൾ പ്ലേയിങ് ഇലവനിൽ എത്തിയതോടെ തന്റെ ഓപ്പണർ സ്ഥാനം ത്യജിക്കാൻ ഗിൽ തയ്യാറാകുകയായിരുന്നു. രോഹിത് ശർമയും ജയ്‌സ്വാളും ഓപ്പണർമാരായി. വിരാട് കോലിയുടെ അഭാവത്തിൽ കളിക്കുന്ന ഇന്ത്യക്കായി വൺഡൗൺ ബാറ്ററായി നായകൻ ഇറങ്ങുകയും ചെയ്തു. വിരാട് കോലിയുടെ മൂന്നാം നമ്പർ ബാറ്റിങ് പൊസിഷനിൽ തനിക്കും തിളങ്ങാൻ സാധിക്കുമെന്ന പ്രസ്താവന കൂടിയായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്.
110 പന്തുകൾ നേരിട്ട ഗിൽ 22 ഫോറും രണ്ട് സിക്സും സഹിതം 154 റൺസ് നേടി ഏകദിന കരിയറിലെ ഒൻപതാം സെഞ്ചുറി നേടി. ക്യാപ്റ്റനായ ശേഷമുള്ള ആദ്യ സെഞ്ചുറി കൂടിയാണിത്. സമൂഹമാധ്യമങ്ങളിലും ഗില്ലിന്റെ പൊസിഷൻ മാറ്റം ചർച്ചയായിട്ടുണ്ട്. 2027 ഏകദിന ലോകകപ്പ് രോഹിത്തും കോലിയും കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഓപ്പണർ സ്ഥാനത്തേക്ക് പ്രതിഭകളുടെ ധാരാളിത്തമുണ്ട്. വിരാട് കോലിയുടെ വൺഡൗൺ പൊസിഷനിലേക്ക് വിശ്വസിക്കാവുന്ന ഒരു ബാറ്ററെ വേണം. ഈ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയാമ് ഗിൽ ചെയ്യുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. നേരത്തെ ടെസ്റ്റിൽ ക്യാപ്റ്റനായ ശേഷം ഗിൽ തന്റെ ഓപ്പണർ സ്ഥാനം ഉപേക്ഷിച്ചിരുന്നു. വിരാട് കോലി വിരമിച്ചതോടെ കോലിയുടെ നാലാം നമ്പറിലാണ് ഗിൽ ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നത്.