Shubman Gill: കണ്ടു മോനെ രണ്ടക്കം ! മുക്കിമൂളി 28 റണ്‍സ്, ഗില്ലിനു തുടരാന്‍ ഇതുപോതും
ആദ്യ രണ്ട് ടി20 മത്സരങ്ങളിലും അമ്പേ നിരാശപ്പെടുത്തിയ ഗില്ലിനു ചുരുങ്ങിയപക്ഷം ഇതുപോലൊരു ഇന്നിങ്‌സ് ആവശ്യമായിരുന്നു
Shubman Gill: ഒടുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയുടെ ഉപനായകനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്‍ രണ്ടക്കം കണ്ടു. ധരംശാലയില്‍ നടന്ന മൂന്നാം ടി20 മത്സരത്തില്‍ 28 പന്തില്‍ 28 റണ്‍സാണ് ഗില്‍ നേടിയത്. അഞ്ച് ബൗണ്ടറികള്‍ സഹിതമാണ് ഗില്ലിന്റെ 'ജീവവായു' ഇന്നിങ്‌സ്.
ആദ്യ രണ്ട് ടി20 മത്സരങ്ങളിലും അമ്പേ നിരാശപ്പെടുത്തിയ ഗില്ലിനു ചുരുങ്ങിയപക്ഷം ഇതുപോലൊരു ഇന്നിങ്‌സ് ആവശ്യമായിരുന്നു. ഈ ഇന്നിങ്‌സിന്റെ പുറത്ത് അടുത്ത ടി20 മത്സരത്തിലും ഗില്‍ പ്ലേയിങ് ഇലവനില്‍ തുടരുമെന്ന് ഉറപ്പായി.
ഒന്നാം ടി20 യില്‍ രണ്ട് പന്തില്‍ നാല് റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. രണ്ടാം മത്സരത്തിലേക്ക് എത്തിയപ്പോള്‍ ഗോള്‍ഡന്‍ ഡക്ക് ! എന്നിട്ടും ഗില്ലിനെ മൂന്നാം മത്സരത്തിലും പ്ലേയിങ് ഇലവനില്‍ ഇറക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നായി 31 പന്തില്‍ 32 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഓപ്പണറായി മികച്ച റെക്കോര്‍ഡുകളുള്ള മലയാളി താരം സഞ്ജു സാംസണ്‍ പുറത്തിരിക്കുമ്പോഴാണ് ഇന്ത്യ ഗില്ലിനെ വെച്ചുള്ള പരീക്ഷണങ്ങള്‍ തുടരുന്നത്.