മുൻപും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ടല്ലോ, സഞ്ജുവിന് അവസരം നൽകണമെന്ന് മുഹമ്മദ് കൈഫ്
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഓപ്പണറുടെ റോളില്‍ ഫോം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന ഇന്ത്യന്‍ ഉപനായകന്‍ ഗില്ലിന് പകരം പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തണമെന്നാണ് കൈഫ് ആവശ്യപ്പെടുന്നത്. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ബാറ്റ് കൊണ്ട് തിളങ്ങാന്‍ ഗില്ലിന് സാധിക്കാത്ത പശ്ചാത്തലത്തിലാണ് കൈഫിന്റെ നിര്‍ദേശം.
ഗില്‍ പുറത്താകുന്ന രീതി നോക്കു. സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് രണ്ടാം ടി20യില്‍ അദ്ദേഹം പുറത്തായത്. ക്രീസിന് പുറത്തേക്കിറങ്ങി കളിക്കുമ്പോള്‍ ഗില്ലിന് ടൈമിങ് പിഴയ്ക്കുന്നു. അഭിഷേക് ശര്‍മയെ അനുകരിച്ച് കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗില്ലിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. ഗില്‍ പരിശ്രമിക്കുന്നുണ്ട്. പക്ഷേ ഗില്ലിന് വിശ്രമം നല്‍കി കഴിവുള്ള മറ്റ് കളിക്കാരെ പരീക്ഷിക്കാനുള്ള സമയമായെന്ന് തോന്നുന്നു. കൈഫ് പറഞ്ഞു.
സഞ്ജു സാംസണ്‍ ടോപ് ക്ലാസ് പ്ലെയറാണ്. അദ്ദേഹത്തിന് ആവശ്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. വൈസ് ക്യാപ്റ്റന്മാരെ നേരത്തെയും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടീമിന്റെ താത്പര്യം പരിഗണിച്ച് ഗില്ലിന് ഇടവേള നല്‍കി മറ്റൊരാളെ പകരം കൊണ്ടുവരണം. ഇക്കാര്യത്തില്‍ ഇരട്ടത്താപ്പുകള്‍ പാടില്ല. കൈഫ് പറഞ്ഞു. ആദ്യ 2 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടക്കം കാണാതെ മടങ്ങിയെങ്കിലും മൂന്നാം ടി20യിലും ഇന്ത്യ മാറ്റങ്ങള്‍ വരുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം ടി20യിലും ഗില്‍ പരാജയപ്പെട്ടാല്‍ ഗംഭീറിനും ടീം മാനേജ്‌മെന്റിനുമെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകും.
