Sanju Samson: താളം കണ്ടെത്താന്‍ പാടുപെട്ട് സഞ്ജു; വിക്കറ്റ് ആഘോഷമാക്കി റൗഫ് (വീഡിയോ)
ഇന്ത്യയുടെ സ്‌കോര്‍ 123 ല്‍ എത്തിയപ്പോള്‍ അഞ്ചാമനായാണ് സഞ്ജു ക്രീസിലെത്തിയത്
Sanju Samson Wicket
Sanju Samson: ഏഷ്യ കപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിറംമങ്ങി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ ജയം ഉറപ്പിച്ച സമയത്ത് ക്രീസിലെത്തിയ സഞ്ജു 17 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ഒരു ബൗണ്ടറി മാത്രമാണ് സഞ്ജു നേടിയത്.
ഇന്ത്യയുടെ സ്‌കോര്‍ 123 ല്‍ എത്തിയപ്പോള്‍ അഞ്ചാമനായാണ് സഞ്ജു ക്രീസിലെത്തിയത്. ഈ സമയത്ത് 46 പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 49 റണ്‍സ് മാത്രമാണ്. എന്നാല്‍ കളി ജയിപ്പിക്കുന്നതുവരെ ക്രീസില്‍ തുടരാന്‍ സഞ്ജുവിനു സാധിച്ചില്ല.
തുടക്കംമുതല്‍ താളം കണ്ടെത്താന്‍ പാടുപെടുന്ന സഞ്ജുവിനെയാണ് കണ്ടത്. ബൗണ്ടറി നേടിയ കവര്‍ ഡ്രൈവ് മാത്രമാണ് ആരാധകരെ തൃപ്തിപ്പെടുത്തിയ ഏക ഷോട്ട്. ഒടുവില്‍ ഹാരിസ് റൗഫിന്റെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡ് ആയി. സഞ്ജുവിന്റെ വിക്കറ്റ് റൗഫ് വലിയ രീതിയില്‍ ആഘോഷിക്കുകയും ചെയ്തു. രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യമായാണ് സഞ്ജു പാക്കിസ്ഥാനെതിരെ കളിക്കുന്നത്. ഏഷ്യ കപ്പിലെ ഒമാനെതിരായ മത്സരത്തില്‍ സഞ്ജുവിനു അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നു.