രേണുക വേണു|
Last Modified ശനി, 20 സെപ്‌റ്റംബര്‍ 2025 (10:09 IST)
Sanju Samson: ഏഷ്യ കപ്പിലെ ഒമാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ സഞ്ജു സാംസണ്‍ ആണ്. 45 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 56 റണ്‍സ് നേടിയ സഞ്ജു നായകന്‍ സൂര്യകുമാര്‍ യാദവ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു. സഞ്ജു തന്നെയാണ് കളിയിലെ താരവും.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിനു ബാറ്റിങ് ലഭിച്ചിട്ടില്ല. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഉള്ളതുകൊണ്ട് ടി20 യിലെ തന്റെ സ്വതസിദ്ധമായ ഓപ്പണര്‍ സ്ഥാനവും സഞ്ജുവിനു നഷ്ടമായി. അങ്ങനെയിരിക്കെയാണ് ഒമാനെതിരായ മത്സരത്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനു പ്രൊമോഷന്‍ നല്‍കുന്നത്.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായപ്പോള്‍ മൂന്നാമനായാണ് സഞ്ജു ക്രീസിലെത്തിയത്. 6-1 എന്ന നിലയില്‍ പതറിപ്പോയ ഇന്ത്യയെ അഭിഷേക് ശര്‍മയെ കൂട്ടുപിടിച്ച് തകര്‍ച്ചയിലേക്ക് വീഴാതെ കാക്കാന്‍ സഞ്ജുവിനു സാധിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 72 റണ്‍സ് ആയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും കൂടാരം കയറി. ഇന്ത്യ 73-3 എന്ന നിലയില്‍ പ്രതിരോധത്തില്‍. എന്നാല്‍ ഇതൊന്നും സഞ്ജുവിനെ തളര്‍ത്തിയില്ല. വളരെ ശ്രദ്ധിച്ചു ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയ സഞ്ജു 18-ാം ഓവറിലെ നാലാം പന്തില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 171 ല്‍ എത്തിയിരുന്നു. തനിക്കു ലഭിച്ച അവസരം നന്നായി വിനിയോഗിക്കാന്‍ താരത്തിനു സാധിച്ചു.