രേണുക വേണു|
Last Modified ശനി, 20 സെപ്‌റ്റംബര്‍ 2025 (12:29 IST)
Arshdeep Singh: രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി അര്‍ഷ്ദീപ് സിങ്. ഏഷ്യ കപ്പില്‍ ഒമാനെതിരായ മത്സരത്തില്‍ വിനായക് ശുക്ലയെ പുറത്താക്കിയാണ് അര്‍ഷ്ദീപ് ഈ നേട്ടം സ്വന്തമാക്കിയത്.
64 മത്സരങ്ങളിലായി 1,329-ാം പന്ത് എറിഞ്ഞപ്പോഴാണ് അര്‍ഷ്ദീപിന്റെ നൂറാം വിക്കറ്റ്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 25-ാം താരം കൂടിയാണ് അര്‍ഷ്ദീപ്. അതിവേഗം 100 വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ഷ്ദീപ് മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ (53 മത്സരങ്ങള്‍, 1185 പന്തുകള്‍), നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലമിച്ഛാനെ (54 മത്സരം, 1220 പന്തുകള്‍) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അര്‍ഷ്ദീപ് സിങ് ഇന്ത്യക്കായി ആദ്യ ട്വന്റി 20 കളിക്കുന്നത്. മൂന്ന് വര്‍ഷവും 74 ദിവസവും കൊണ്ടാണ് ട്വന്റി 20 രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ഷ്ദീപിന്റെ 100 വിക്കറ്റ് നേട്ടം.
ഇന്ത്യക്കായി ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ യുസ്വേന്ദ്ര ചഹലും ഹാര്‍ദിക് പാണ്ഡ്യയുമാണ് അര്‍ഷ്ദീപിനു പിന്നില്‍. ഇരുവര്‍ക്കും 96 വിക്കറ്റുകള്‍ വീതമുണ്ട്.