അവൻ ആർസിബിയുടെ ഭാവി നായകൻ, ദേവ്ദത്ത് ഏറെ മെച്ചപ്പെട്ടെന്ന് ആർസിബി ഡയറക്ടർ
ആര്‍സിബി മെന്ററും ബാറ്റിംഗ് കോച്ചുമായ ദിനേസ് കാര്‍ത്തികും പടിക്കലിനെ പ്രശംസിച്ചു.
ആര്‍സിബി തങ്ങളുടെ ഭാവിനായകനായി കാണുന്നത് കേരള കണക്ഷനുള്ള യുവതാരം ദേവ്ദത്ത് പടിക്കലിനെയാണെന്ന സൂചന നല്‍കി ആര്‍സിബി ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മോ ബോബട്ട്. കഴിഞ്ഞ 2 സീസണുകളിലും കളിക്കാരനെന്ന നിലയില്‍ താരം മെച്ചപ്പെട്ടെന്നും ഭാവിയില്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ള താരമാണ് ദേവ്ദത്തെന്നും മോ ബോബട്ട് വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മൂന്നാം നമ്പറിലിറങ്ങി 15 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 168.72 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 464 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പവര്‍ പ്ലേയിലും മിഡില്‍ ഓവറുകളിലും റണ്‍റേറ്റ് നിലനിര്‍ത്തികൊണ്ട് ബാറ്റ് ചെയ്യാനും വിക്കറ്റ് തകര്‍ച്ച ഒഴിവാക്കാനും താരത്തിനായിരുന്നു. ഈ സാഹചര്യത്തിലാണ് മോ ബോബട്ടിന്റെ വിലയിരുത്തല്‍.
ബാറ്റിങ്ങിലെ തന്റെ ശൈലി കൂടുതല്‍ മെച്ചപ്പെടുത്താനും ടീമിനായി കൂടുതല്‍ ഇമ്പാക്ടുള്ള പ്രകടനം നടത്താനും ടീം അവനോട് ആവശ്യപ്പെട്ടിരുന്നു. അതിനെ അവന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു. ആര്‍സിബിയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഡോക്യുമെന്ററിയില്‍ ബോബട്ട് പറഞ്ഞു. രജത് പാട്ടീധാറാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. പടിക്കലിന് 25 വയസ്സാണ് നിലവിലുള്ളത്. പടിക്കലിനേക്കാള്‍ 8 വയസ്സ് മുതിര്‍ന്ന താരമാണ് പാട്ടീദാര്‍. ദേവ്ദത്ത് അവന്റെ കരിയറിലെ മികച്ച സമയത്തേക്ക് കടക്കുന്നതെയുള്ളു. ബോബട്ട് പറഞ്ഞു.
ആര്‍സിബി മെന്ററും ബാറ്റിംഗ് കോച്ചുമായ ദിനേസ് കാര്‍ത്തികും പടിക്കലിനെ പ്രശംസിച്ചു. അസാമാന്യമായ പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവെച്ചതെന്ന് ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെട്ടു.