India vs Sri Lanka, 1st Test: 500 തൊടാതെ ഇന്ത്യ; ലങ്ക വീണു തുടങ്ങി, നാല് വിക്കറ്റ് നഷ്ടം
ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയും കെ.എൽ.രാഹുൽ, ധ്രുവ് ജുറൽ എന്നിവരുടെ അർധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്
India
India vs Sri Lanka, 1st Test: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ഒന്നാം ഇന്നിങ്‌സിൽ ശ്രീലങ്കയ്ക്ക് 62 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായി. മാനവ് സുത്താർ ഇന്ത്യക്കായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ശ്രീലങ്ക പരുങ്ങലിൽ
ഓപ്പണർമാരായ നിഷൻ ഫെർണാണ്ടോ (പൂജ്യം), ലഹിരു ഉദര (44 പന്തിൽ 27), ദിനേശ് ചാണ്ഡിമൽ (16 പന്തിൽ നാല്), കമിന്ദു മെൻഡിസ് (25 പന്തിൽ 14) എന്നിവരെയാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. നായകൻ ധനഞ്ജയ ഡി സിൽവ (28 പന്തിൽ 15), സൊനാൽ ദിനുഷ (21 പന്തിൽ 10) എന്നിവരാണ് ഇപ്പോൾ ക്രീസിൽ.
സുത്താറിന് രണ്ട്
ഉദരയെയും ചാണ്ഡിമലിനെയും സുത്താർ മടക്കി. മുഹമ്മദ് സിറാജിനും കുൽദീപ് യാദവിനും ഓരോ വിക്കറ്റ്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 462 ന് അവസാനിച്ചു. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയും കെ.എൽ.രാഹുൽ, ധ്രുവ് ജുറൽ എന്നിവരുടെ അർധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 230 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതം 167 റൺസ് നേടിയ പടിക്കൽ ടോപ് സ്‌കോററായി. കെ.എൽ.രാഹുൽ 175 പന്തുകളിൽ നിന്ന് 10 ഫോറും ഒരു സിക്സും സഹിതം 82 റൺസെടുത്തു. ധ്രുവ് ജുറൽ 68 പന്തിൽ 51 റൺസുമായി തിളങ്ങി.