കോലിയും രോഹിത്തും ഉറപ്പായും വേണം; ഏകദിന ലോകകപ്പിന് ഭുവനേശ്വർ കളിക്കണമെന്ന് അശ്വിൻ
മുതിർന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്ന് അശ്വിൻ പറഞ്ഞു
Virat Kohli and Bhuvneshwar Kumar
2027 ഏകദിന ലോകകപ്പിനുള്ള രവിചന്ദ്രൻ അശ്വിന്റെ ടീമിൽ സർപ്രൈസ് എൻട്രിയായി 36 കാരനായ ഭുവനേശ്വർ കുമാർ. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഭുവനേശ്വർ ഒന്നുകൂടി രാജ്യാന്തര ടീമിനായി പന്തെറിയണമെന്നാണ് അശ്വിന്റെ ആഗ്രഹം.
കോലിയും രോഹിത്തും ഉറപ്പ്
മുതിർന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്ന് അശ്വിൻ പറഞ്ഞു. ഇവരുടെ കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കാതെയാണ് അശ്വിന്റെ മറുപടി. അതേസമയം ഇരുവരെയും ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ബിസിസിഐയിൽ ചർച്ചകൾ നടക്കുകയാണ്.
മധ്യനിര സ്‌ട്രോങ്, ഇഷാൻ വേണം
രോഹിത് ശർമയ്‌ക്കൊപ്പം നായകൻ ശുഭ്മാൻ ഗിൽ ഓപ്പണറായി വേണമെന്നാണ് അശ്വിന്റെ താൽപര്യം. അതോടൊപ്പം ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാൾ എന്നിവരെ 'ഫിഫ്റ്റി-ഫിഫ്റ്റി' സാധ്യതയിൽ അശ്വിൻ ഉൾപ്പെടുത്തിയിരിക്കുന്നു. കോലി വൺഡൗൺ ആയി ഇറങ്ങണം. ഇഷാൻ കിഷനാണ് അശ്വിന്റെ പ്രവചനത്തിലെ മറ്റൊരു സർപ്രൈസ്. ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ എന്നിവർക്കൊപ്പം മധ്യനിരയിൽ ഇഷാൻ കിഷനും വരണമെന്നാണ് അശ്വിൻ ആഗ്രഹിക്കുന്നത്.
Hardik Pandya
ഓൾറൗണ്ടർമാർ
സ്പിൻ ഓൾറൗണ്ടർ ആയി അക്‌സർ പട്ടേൽ വേണമെന്നാണ് അശ്വിന്റെ താൽപര്യം. കുൽദീപ് യാദവും എന്തായാലും കളിക്കണം. ഹാർദിക് പാണ്ഡ്യ ലോകകപ്പിൽ വേണമെന്നും അശ്വിൻ പറയുന്നു. ഹാർദിക് ഇല്ലെങ്കിൽ മാത്രം നിതീഷ് കുമാർ റെഡ്ഡി. ഇരുവരും ഇല്ലെങ്കിൽ മാത്രം ശിവം ദുബെ എന്നും അശ്വിൻ വ്യക്തമാക്കി.
ബൗളർമാർ
ഹർഷിത് റാണ, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ എന്നിവരാണ് പേസർമാരിൽ അശ്വിൻ ഉറപ്പിച്ചു പറയുന്നവർ. അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ 'ഫിഫ്റ്റി - ഫിഫ്റ്റി' സാധ്യതയിൽ ഉൾപ്പെടുത്തി.
ഭുവനേശ്വർ വേണം
ഭുവനേശ്വർ കുമാർ ലോകകപ്പ് കളിക്കണമെന്ന ആഗ്രഹവും അശ്വിൻ പങ്കുവെച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും വിജയ് ഹസാരെയും ഭുവി കളിക്കണമെന്ന് താൻ നിർദേശിക്കുമെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ദക്ഷിണാഫ്രിക്കയിൽ ഭുവനേശ്വർ കുമാറിനെ പോലൊരു പേസറെ ഇന്ത്യക്ക് ആവശ്യമാണെന്നും അശ്വിൻ വ്യക്തമാക്കി.
ഇവർ പുറത്ത്
ലോകകപ്പ് ടീമിൽ വേണ്ട എന്ന് അശ്വിൻ പറഞ്ഞവരിൽ ഏറ്റവും പ്രധാനി റിഷഭ് പന്ത് ആണ്. ഒരു ഘട്ടത്തിൽ ഇന്ത്യയുടെ ഭാവി നായകൻ എന്ന് പോലും പന്തിനെ പരിഗണിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസൺ, യുവതാരം വൈഭവ് സൂര്യവൻശി, വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമ എന്നിവരെയും ലോകകപ്പിന് ആവശ്യമില്ലെന്നാണ് അശ്വിൻ പറയുന്നത്. Read Here: അന്നവർ എന്നെ ജോക്കറെന്ന് വിളിച്ചു, ഇന്ന് എന്നെ മാതൃകയാക്കുന്നു : രാഖി സാവന്ത്