അഭിറാം മനോഹർ|
Last Modified ശനി, 13 ഡിസംബര്‍ 2025 (12:21 IST)
സഞ്ജു സാംസണെ ടി20 ഫോര്‍മാറ്റില്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് കൊണ്ടുവന്നാലും തിളങ്ങാനാകുമോ എന്ന കാര്യം ഉറപ്പ് പറയാനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ 2 ടി20 മത്സരങ്ങളിലും വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന് തിളങ്ങാനാവാതെ വന്നതോടെയാണ് സഞ്ജുവിനെ പരിഗണിക്കണമെന്ന തരത്തില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇര്‍ഫാന്‍ പത്താന്റെ പ്രതികരണം.
ഗില്ലിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് വരാതിരിക്കുന്നത് മോശം സൂചനയാണ്. അത് അദ്ദേഹത്തിനും ടീം മാനേജ്‌മെന്റിനും മുകളിലുള്ള സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. ഗില്ലിന്റെ കാര്യത്തില്‍ ഇനിയും നല്ല പ്രകടനങ്ങള്‍ വന്നില്ലെങ്കില്‍ സാഹചര്യം കൂടുതല്‍ മോശമാകും. അങ്ങനെയെങ്കില്‍ സഞ്ജുവിനെ തന്നെ ഓപ്പണിംഗ് റോളില്‍ കളിപ്പിക്കേണ്ടി വരും. എന്നാല്‍ സഞ്ജു ഓപ്പണിംഗില്‍ മികച്ച പ്രകടനം നടത്തുമോ എന്ന് പറയാനാകില്ല. അവസരങ്ങള്‍ കുറവായിരിക്കും ലഭിക്കുക എന്നതിനാല്‍ തന്നെ സഞ്ജുവിന് മുകളിലും സമ്മര്‍ദ്ദമുണ്ടാകും. ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
ശുഭ്മാന്‍ ഗില്ലിന്റെ സ്ഥാനം ടീമില്‍ സ്ഥിരമാണെന്നിരിക്കെ സഞ്ജുവിന് പകരം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കേണ്ടത് ജിതേഷ് ശര്‍മയെയാണെന്ന് കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടിരുന്നു. സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ കളിക്കാനാവുന്നില്ലെങ്കില്‍ മറ്റൊരു പൊസിഷനില്‍ കളിപ്പിക്കുന്നത് ഉചിതമായ കാര്യമല്ലെന്നാണ് ഇര്‍ഫാന്‍ വ്യക്തമാക്കിയത്.