സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Jitesh sharma, Irfan pathan, Sanju samson, cricket News,ജിതേഷ് ശർമ,ഇർഫാൻ പത്താൻ, സഞ്ജു സാംസൺ,ക്രിക്കറ്റ് വാർത്ത
അഭിറാം മനോഹർ| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2025 (12:06 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അടുത്ത മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ ജിതേഷ് ശര്‍മയെ തന്നെ പ്ലേയിങ് ഇലവനില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാനാകുന്നില്ലെങ്കില്‍ ജിതേഷിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ അവസരം നല്‍കുന്നതാണ് ഉചിതമായ തീരുമാനമെന്ന് പത്താന്‍ വ്യക്തമാക്കി.

സഞ്ജു കരിയറില്‍ കൂടുതലും ബാറ്റ് ചെയ്തിരിക്കുന്നത് ടോപ് ത്രി പൊസിഷനിലാണ്. ഈ സാഹചര്യത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴോട്ടിറങ്ങുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഏഷ്യാകപ്പ് ഫൈനലില്‍ മധ്യനിരയില്‍ ഇറങ്ങി സഞ്ജു കളിച്ചിരുന്നു. എങ്കിലും മധ്യനിരയില്‍ സഞ്ജുവോ ജിതേഷോ എന്ന ചോദ്യമുയര്‍ന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് പകരം ജിതേഷിനെ കളിപ്പിക്കുന്നതാണ് ഉചിതം. ജിതേഷിന് പകരം സഞ്ജുവും സഞ്ജുവിന് പകരം ജിതേഷും എന്ന രീതിയില്‍ മാറി മാറി കളിക്കുന്നത് 2 താരങ്ങള്‍ക്കും ബുദ്ധിമുട്ടാകും.

അതേസമയം ടോപ് ഓര്‍ഡറില്‍ ശുഭ്മാന്‍ ഗില്‍ മോശം ഫോം തുടരുന്നതിനാല്‍ സഞ്ജുവിന് ഇപ്പോഴും സാധ്യതയുണ്ടെന്നും വരും മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ഗില്‍ സമ്മര്‍ദ്ദത്തിലാകുമെന്നും പത്താന്‍ പറയുന്നു. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 4 റണ്‍സ് മാത്രമെടുത്താണ് ഗില്‍ പുറത്തായത്. ഓപ്പണറായി ഇറങ്ങി കളിച്ച അവസാന 13 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :