രേണുക വേണു|
Last Modified വെള്ളി, 12 ഡിസംബര്‍ 2025 (09:59 IST)
Sanju Samson vs Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ തുടര്‍ച്ചയായി നിറംമങ്ങിയിട്ടും ശുഭ്മാന്‍ ഗില്ലിനെ തള്ളാതെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും. കണക്കുകള്‍ പരിശോധിച്ചാല്‍ ഗില്ലിനേക്കാള്‍ മികവ് തെളിയിച്ചിട്ടുള്ള മലയാളി താരം സഞ്ജു സാംസണ്‍ ബെഞ്ചില്‍ ഇരിക്കുകയാണ്. അപ്പോഴും ടി20 ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ പാടുപെടുന്ന 'ഗില്‍ പരീക്ഷണം' ഇന്ത്യ തുടരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗില്‍ കൂടാരം കയറി. ഒന്നാം ടി20 മത്സരത്തില്‍ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമാണ് സമ്പാദ്യം. അവസാന 17 ട്വന്റി 20 ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി പോലുമില്ല. 2025 ല്‍ 14 ഇന്നിങ്‌സുകളില്‍ നിന്ന് 18.78 ശരാശരിയില്‍ 263 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അഞ്ച് തവണയാണ് ഒറ്റയക്കത്തിനു പുറത്തായത്.
ഓപ്പണറെന്ന നിലയില്‍ ഇന്ത്യക്കായി 17 ഇന്നിങ്‌സുകളില്‍ നിന്ന് സഞ്ജു സാംസണ്‍ നേടിയിരിക്കുന്നത് 32.62 ശരാശരിയില്‍ 522 റണ്‍സാണ്. മറുവശത്ത് ഓപ്പണറായി ഗില്‍ നേടിയിരിക്കുന്നത് 35 കളികളില്‍ നിന്ന് 28.03 ശരാശരിയില്‍ 841 റണ്‍സ്. ഗില്ലിന്റെ സ്‌ട്രൈക് റേറ്റ് 140.40 മാത്രമാണെങ്കില്‍ സഞ്ജുവിന്റേത് 178.77 ആണെന്നു ഓര്‍ക്കണം. മൂന്ന് സെഞ്ചുറികളും നേടിയിട്ടുള്ള താരമാണ് സഞ്ജു. 35 ഇന്നിങ്‌സുകളില്‍ നിന്ന് ഗില്‍ 26 സിക്‌സുകളാണ് പറത്തിയതെങ്കില്‍ സഞ്ജു 17 ഇന്നിങ്‌സുകള്‍ കൊണ്ട് 35 സിക്‌സുകള്‍ നേടിയിട്ടുണ്ട്. കണക്കുകള്‍ സഞ്ജു ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോഴും ഗില്ലിനു തുടര്‍ച്ചയായി അവസരം നല്‍കുകയാണ് ടീം മാനേജ്‌മെന്റ്.