ഗിൽ ക്ലാസ് പ്ലെയർ, 2 മത്സരങ്ങൾ കണ്ടാണോ അവനെ വിലയിരുത്തുന്നത്, അവനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം : ആശിഷ് നെഹ്റ
ടി20 ക്രിക്കറ്റില്‍ മോശം ഫോമില്‍ തുടരുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനുമായ ആശിഷ് നെഹ്‌റ. 2 മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെന്ന പേരില്‍ ഗില്ലിനെ കുറ്റം പറയാനാകില്ലെന്നാണ് നെഹ്‌റ പറയുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റണ്‍സും രണ്ടാം മത്സരത്തില്‍ റണ്ണൊന്നും നേടാതെയുമാണ് ഗില്‍ മടങ്ങിയത്.
ഗില്ലിന്റെ കാര്യത്തില്‍ ആശങ്കപ്പെടാനില്ല. ഇത് ടി20 ഫോര്‍മാറ്റാണ്. വേഗതയേറിയ ഫോര്‍മാറ്റില്‍ രാജ്യാന്തര മത്സരമായാലും ഐപിഎല്‍ ആയാലും 2 മത്സരത്തിന് ശേഷം ഗില്ലിനെ പോലൊരു താരത്തെ വിമര്‍ശിക്കാന്‍ പറ്റില്ല. ഗില്ലിന്റെ ക്ലാസ് എന്താണെന്ന് നമുക്കറിയാം. ഗില്ലിനെ വിമര്‍ശിക്കുന്നവര്‍ക്കാണ് പ്രശ്‌നം.
നിങ്ങള്‍ക്ക് വേണമെങ്കില്‍ അഭിഷേക് ശര്‍മയേയും ശുഭ്മാന്‍ ഗില്ലിനെയും മാറ്റാം. റുതുരാജിനെയും സായ് സുദര്‍ശനെയും കൊണ്ടുവരാം. വേണമെങ്കില്‍ സുന്ദറിനെയും കിഷനെയും ബാറ്റിങ്ങിനിറക്കാം. ഒരുപാട് ഓപ്ഷനുകള്‍ അവിടെയുണ്ട്. എന്നാല്‍ താരങ്ങളെ ഇങ്ങനെ മാറ്റികൊണ്ടിരിക്കുന്നത് നല്ല കാര്യമല്ല. അത് ബുദ്ധിമുട്ടുണ്ടാക്കും. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കവെ നെഹ്‌റ വ്യക്തമാക്കി.