T20 Worldcup 26 : കളിക്കുന്നതും കളിക്കാത്തതും പാകിസ്ഥാന്റെ ഇഷ്ടം, മത്സരത്തിനായി ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് പോകും

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും പിസിബി ചെയര്‍മാന്‍ മോഹ്‌സിന്‍ നഖ്വിയും തമ്മിലുള്ള ഉയര്‍ന്നതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാക് തീരുമാനമുണ്ടായത്.

Indian Team
രേണുക വേണു| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2026 (10:38 IST)
ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് 2026ലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായ ഇന്ത്യ-പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍ അനിശ്ചിതത്വത്തില്‍. ബംഗ്ലാദേശിനെതിരായ ഐസിസിയുടെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ മത്സരം ഒഴിവാക്കുമെന്നാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ നയം പ്രഖ്യാപിച്ചെങ്കിലും ഐസിസി പ്രോട്ടോക്കോള്‍ പ്രകാരം ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് തിരിക്കുമെന്നും മത്സരം ഉപേക്ഷിക്കുന്നത് വരെ ഗ്രൗണ്ടില്‍ തുടരുമെന്നും ബിസിസിഐ പറയുന്നു.


ഐസിസി നിബന്ധനകളും ടൂര്‍ണമെന്റ് പ്രോട്ടോക്കോളുകളും കൃത്യമായി പിന്തുടരുക എന്ന നിലപാടിലാണ് ബിസിസിഐ. അതിന്റെ ഭാഗമായി ഇന്ത്യന്‍ ടീം കൊളംബോയില്‍ എത്തി പരിശീലന സെഷനുകള്‍ നടത്തും, നിര്‍ബന്ധമായ പ്രീ-മാച്ച് പത്രസമ്മേളനത്തില്‍ പങ്കെടുക്കും, മത്സരദിനത്തില്‍ സ്റ്റേഡിയത്തില്‍ ഹാജരാകും. മത്സരം നടക്കുമോ എന്ന അന്തിമ തീരുമാനം ഐസിസി മാച്ച് റഫറിയുടെ അധികാരപരിധിയിലായിരിക്കും. ഇത് തീരും വരെയും ടീം കൊളംബോയില്‍ തുടരും.


പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും പിസിബി ചെയര്‍മാന്‍ മോഹ്‌സിന്‍ നഖ്വിയും തമ്മിലുള്ള ഉയര്‍ന്നതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാക് തീരുമാനമുണ്ടായത്. കായിക താത്പര്യങ്ങളേക്കാള്‍ രാഷ്ട്രീയനിലപാടുമായി ബന്ധപ്പെട്ടാണ് പാക് തീരുമാനമെന്ന് ഐസിസി പറയുന്നു.പാകിസ്ഥാന്‍ മത്സരം കളിക്കാന്‍ ഇറങ്ങാത്ത പക്ഷം, ഐസിസി നിയമപ്രകാരം ഇന്ത്യക്ക് മുഴുവന്‍ പോയിന്റും ലഭിക്കും.ഇത് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വഴി എളുപ്പമാക്കുകയും ചെയ്യും. പാകിസ്ഥാന്റെ തീരുമാനം ടൂര്‍ണമെന്റിന്റെ മത്സരാത്മകതയെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്നും
രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരങ്ങളില്‍ നിന്ന് പിന്മാറുന്നത് ക്രിക്കറ്റിന്റെ ആത്മാവിന് വിരുദ്ധമാണെന്ന നിലപാടാണ് ഐസിസി കൈക്കൊള്ളുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :