അഭിറാം മനോഹർ|
Last Updated:
ഞായര്‍, 1 ഫെബ്രുവരി 2026 (09:41 IST)
കാര്യവട്ടത്ത് നടന്ന അഞ്ചാം ടി20 യിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയതോടെ ലോകകപ്പിലെ സഞ്ജു സാംസണിന്റെ സ്ഥാനം തുലാസില്‍. സമീപകാലത്ത് മധ്യനിരയില്‍ പോലും ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തിയിരുന്നെങ്കിലും തന്റെ പ്രിയപ്പെട്ട ഓപ്പണിങ് സ്‌പോട്ടില്‍ മടങ്ങിയെത്തിയിട്ടും ന്യൂസിലന്‍ഡിനെതിരെ കാര്യമായ ഒരു പ്രകടനം പോലും കാഴ്ചവെയ്ക്കാന്‍ സഞ്ജുവിനായിരുന്നില്ല. മറുവശത്ത് ഇഷാന്‍ കിഷനാകട്ടെ കിട്ടിയ ഓരോ അവസരവും മുതലെടുക്കുകയും ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക സംഭാവനകള്‍ നടത്തുകയും ചെയ്തു. കാര്യവട്ടത്ത് ഇഷാന്‍ കീപ്പിങ്ങില്‍ ഇറങ്ങിയതോടെ ലോകകപ്പില്‍ ഇഷാന്‍ തന്നെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
സഞ്ജു സാംസന്‍ ഏറെക്കാലമായി പ്രതിഭയുള്ള പക്ഷേ സ്ഥിരതയില്ലാത്ത താരമെന്ന ലേബലിലാണ് അറിയപ്പെടുന്നത്. ഇത്തവണയും അത് അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് സഞ്ജു നടത്തിയത്. മധ്യനിരയില്‍ നിന്നും മാറി ഓപ്പണിങ്ങില്‍ മടങ്ങിയെത്തിയിട്ടും കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സഞ്ജുവിനായിട്ടില്ല. മറുവശത്ത് ഇഷാന്‍ കിഷന്‍ ആക്രമണാത്മകമായ ബാറ്റിംഗിനൊപ്പം സ്ഥിരത കൂടി കാഴ്ചവെച്ചപ്പോള്‍ ലോകകപ്പില്‍ സെലക്ടര്‍മാര്‍ക്ക് മറ്റൊരു ഓപ്ഷന്‍ തിരെഞ്ഞെടുക്കേണ്ട ആവശ്യമില്ലാതെ വന്നിരിക്കുകയാണ്. നിലവിലെ ഫോമില്‍ ഇഷാന്‍ തന്നെയാണ് ടീമിന് അനുയോജ്യനെന്ന് സഞ്ജു ആരാധകരും സമ്മതിക്കുന്നുണ്ട്.
ഇന്ത്യന്‍ ടീം ഇനി പരീക്ഷണ ഘട്ടത്തില്‍ നിന്ന് മാറി ലോകകപ്പിനായുള്ള സ്ഥിരം കോമ്പിനേഷന്‍ ഉറപ്പിക്കുന്ന ഘട്ടത്തില്‍ 2-3 ശരാശരി പ്രകടനങ്ങള്‍ പോലും സഞ്ജുവിന് ടീമിലെ സ്ഥാനം ഉറപ്പാക്കാന്‍ മതിയായിരുന്നു. ആ ഒരു അവസരത്തില്‍ പോലും താരം നിരാശപ്പെടുത്തിയത് ആരാധകരെയും തെല്ലൊന്നുമല്ല സങ്കടപ്പെടുത്തുന്നത്. ഇനി ലോകകപ്പ് മത്സരങ്ങളില്‍ പ്രാധാന്യം കുറഞ്ഞ ഗ്രൂപ്പ് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു കളിക്കാനുള്ള സാധ്യത. ഈ മത്സരങ്ങളിലും നിരാശപ്പെടുത്തുകയാണെങ്കില്‍ ഇന്ത്യയുടെ ടി20 സെറ്റപ്പിലേക്കുള്ള സഞ്ജുവിന്റെ മടക്കവും ചോദ്യചിഹ്നമായി മാറും.