India vs England: 12 വർഷം നീണ്ട എഡ്ജ്ബാസ്റ്റൺ മല താണ്ടി ഗിൽ
2014 സെപ്റ്റംബർ രണ്ടിനാണ് ഇംഗ്ലണ്ടിന്റെ എഡ്ജ്ബാസ്റ്റൺ ജയപരമ്പരയുടെ തുടക്കം
India
India vs England: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയപ്പോൾ പിറന്നത് മറ്റൊരു ചരിത്രം കൂടി. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ട് തോൽവി അറിയുന്നത് 12 വർഷത്തിനു ശേഷം. ശക്തരായ ഓസ്‌ട്രേലിയയ്ക്കു പോലും സാധിക്കാത്തതാണ് ഇപ്പോൾ ഇന്ത്യ സാധ്യമാക്കിയിരിക്കുന്നത്.
2014 സെപ്റ്റംബർ രണ്ടിനാണ് ഇംഗ്ലണ്ടിന്റെ എഡ്ജ്ബാസ്റ്റൺ ജയപരമ്പരയുടെ തുടക്കം. അന്ന് ഇന്ത്യയെ ഒൻപത് വിക്കറ്റിനു തോൽപ്പിച്ചു. പിന്നീട് ന്യൂസിലൻഡ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇന്ത്യ, ഓസ്‌ട്രേലിയ, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരെ എഡ്ജ്ബാസ്റ്റണിൽ കളിച്ചപ്പോഴെല്ലാം ഇംഗ്ലണ്ടിനൊപ്പമായിരുന്നു ജയം.
എഡ്ജ്ബാസ്റ്റണിലെ ഒന്നാം ഏകദിനത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 45.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ 75 പന്തിൽ 11 ഫോറും ഒരു സിക്‌സും സഹിതം 80 റൺസുമായി ടോപ് സ്‌കോററായി. അക്‌സർ പട്ടേൽ (52 പന്തിൽ പുറത്താകാതെ 57), വാഷിങ്ടൺ സുന്ദർ (63 പന്തിൽ പുറത്താകാതെ 52) എന്നിവരും അർധ സെഞ്ചുറി നേടി.