1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Duleep Trophy East Zone Ishan Kishan COme Back

ഇതാണ് ഇഷാൻ കിഷൻ സ്റ്റൈൽ; ഇന്ത്യൻ ക്യാപ്റ്റനായാലും അതിശയിക്കാനില്ല !

Duleep Trophy East Zone Ishan Kishan COme Back
ഇതാണ്, കം ബാക്ക്...! ആഭ്യന്തര ക്രിക്കറ്റിൽ പോലും ഇനി കാണില്ലെന്ന് എല്ലാവരും കരുതിയിടത്തുനിന്ന് രാജ്യാന്തര ക്രിക്കറ്റിൽ വരെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയ ഇഷാൻ കിഷന്റെ കം ബാക്ക്..! 
 
13 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഈസ്റ്റ് സോൺ ചാംപ്യൻമാരായിരിക്കുന്നു. ഇഷാൻ കിഷൻ കൊണ്ടുവന്ന ഭാഗ്യത്തിൽ ഈസ്റ്റ് സോൺ താരങ്ങൾ ആർത്തുല്ലസിച്ചു. ക്യാപ്റ്റൻസിയിൽ മാത്രമല്ല ബാറ്റിങ്ങിലും ഈസ്റ്റ് സോണിനെ മുന്നിൽ നിന്ന് നയിച്ചു ഇഷാൻ. 
 
സൗത്ത് സോണിനെതിരായ ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സിൽ 270 റൺസ്, രണ്ടാം ഇന്നിങ്‌സിൽ 80 റൺസ്, രണ്ട് ഇന്നിങ്‌സിലുമായി ഇഷാൻ കിഷൻ അടിച്ചുകൂട്ടിയത് 350 റൺസ് ! 
 
നേട്ടങ്ങളുടെ കൊടുമുടി ഓരോന്നായി കയറുമ്പോൾ ഇഷാന്റെ കം ബാക്ക് ക്രിക്കറ്റ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുകയാണ്. 2022 ലെ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ റിഷഭ് പന്തിന് പകരക്കാരനായി ഇന്ത്യ പരിഗണിച്ച താരമാണ് ഇഷാൻ. 2023 ൽ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ 2024 ൽ ഇഷാൻ ടീമിൽ നിന്ന് പുറത്താകുന്നു. പിന്നീട് ഇന്ത്യയുടെ രണ്ടാം നിര ടീമിലേക്ക് പോലും ബിസിസിഐ താരത്തെ വിളിച്ചില്ല. ഇനി ആഭ്യന്തര ക്രിക്കറ്റിലും ഇഷാൻ ഉണ്ടാകില്ലെന്ന് വാർത്തകൾ പ്രചരിച്ച സമയം. ബിസിസിഐയും ഇഷാനും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 
 
ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തത്തിനെ കുറിച്ച് പിന്നീട് ഇഷാൻ വെളിപ്പെടുത്തിയിട്ടുണ്ട്. മാനസികമായി താൻ അത്ര നല്ല അവസ്ഥയിലായിരുന്നില്ലെന്നും ഒരു ബ്രേക്ക് അനിവാര്യമായിരുന്നെന്നും ഇഷാൻ വെളിപ്പെടുത്തി. മാനസികാരോഗ്യം വീണ്ടെടുത്ത് ഇഷാൻ വീണ്ടും പാഡണിഞ്ഞു. നെറ്റ്‌സിൽ മണിക്കൂറുകളോളം പരിശീലനം നടത്തി. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് രാജ്യാന്തര ടീമിലേക്ക് തിരിച്ചെത്താനുള്ള വാശി കാണിച്ചു. ഒടുവിൽ സയദ് മുഷ്താഖ് അലി ട്രോഫിയിലെ ഗംഭീര പ്രകടനത്തിലൂടെ ഇഷാൻ ബിസിസിഐയുടെയും സെലക്ടർമാരുടെയും കണ്ണ് തുറപ്പിച്ചു. 
 
അതൊരു ഒന്നൊന്നര തിരിച്ചുവരവായിരുന്നു. ഇഷാന്റെ ക്യാപ്റ്റൻസിയിൽ ജാർഖണ്ഡിന് കന്നി സയദ് മുഷ്താഖ് അലി കിരീടം. ഹരിയാനയ്ക്കെതിരായ ഫൈനലിൽ 49 പന്തുകളിൽ ആറ് ഫോറുകളും 10 സിക്സുകളും സഹിതം 101 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ടൂർണമെന്റിൽ ടോപ് സ്‌കോററും ഇഷാൻ തന്നെ. 10 കളികളിൽ നിന്ന് 57.44 ശരാശരിയിൽ 197.33 സ്ട്രൈക് റേറ്റോടെ 517 റൺസാണ് ഇഷാൻ അടിച്ചെടുത്തത്. ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന ഫോം കാഴ്ചവെച്ചതോടെ രാജ്യാന്തര ടീമിലേക്ക് ഇഷാനെ തിരിച്ചുവിളിക്കാതെ ബിസിസിഐയ്ക്ക് മറ്റു വഴികളില്ലായിരുന്നു. ഇപ്പോൾ ദുലീപ് ട്രോഫിയിലെ പ്രകടനവും ക്യാപ്റ്റൻസിയും ഇഷാനെ ഭാവി ഇന്ത്യൻ നായകനെന്ന നിലയിൽ പരിഗണിക്കാൻ പോലും വഴിയൊരുക്കുകയാണ്. Also Read: പിണറായിക്കെതിരായ നീക്കം ശ്രദ്ധിച്ചുവേണം; പാർട്ടി ശക്തമായി തിരിച്ചുവരാൻ അവസരം നൽകുന്നത് പോലെയാകും ! 
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എന്നെ കൊണ്ടൊക്കില്ല ഈ ടീമിനെ നന്നാക്കാൻ, പാക് ടീമിന് മുന്നിൽ കൈ മലർത്തി വസീം അക്രം