പിണറായിക്കെതിരായ നീക്കം ശ്രദ്ധിച്ചുവേണം; പാർട്ടി ശക്തമായി തിരിച്ചുവരാൻ അവസരം നൽകുന്നത് പോലെയാകും !
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ രാഷ്ട്രീയ നീക്കത്തിൽ അതീവ ശ്രദ്ധ വേണമെന്ന് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുത്താൽ അത് തിരിച്ചടിക്കാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.
തിടുക്കം വേണ്ട
മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ കേസെടുക്കുന്നത് എടുത്ത് ചാടി വേണ്ടെന്ന് കെപിസിസി യോഗത്തിൽ വിലയിരുത്തി. നിയമവശങ്ങൾ പരിശോധിച്ച് കരുതലോടെ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാവൂ എന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണണെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു.
പാർട്ടിക്ക് കരുത്താകും
ഇഡി പിണറായി വിജയന്റെ വീട്ടിൽ ചോദ്യം ചെയ്യലിന് എത്തിയപ്പോൾ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ഉണ്ടായതാണ്. തിരഞ്ഞെടുപ്പ് തോൽവിയിൽ നിരാശപ്പെട്ട് നിൽക്കുന്ന പാർട്ടി അണികൾ ഒറ്റക്കെട്ടാകുന്ന കാഴ്ചയാണ് അന്ന് കണ്ടത്. പിണറായിക്കെതിരെ ഇഡിയുടെ ശുപാർശയിൽ തിടുക്കപ്പെട്ട് കേസെടുത്താൽ പാർട്ടി വിപുലമായ രീതിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചേക്കാം. മാത്രമല്ല കൂടുതൽ കരുത്തോടെ തിരിച്ചുവരാനുള്ള സാഹചര്യവും പാർട്ടിക്ക് ലഭിക്കും. ഇത് ഒഴിവാക്കണമെന്നും കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്.
കോടതി തള്ളിയ കേസ്
പിണറായി വിജയനെതിരായ ആരോപണങ്ങളെല്ലാം ഒന്നിലേറെ കോടതികൾ തള്ളിയതാണ്. സുപ്രീം കോടതിയിലും പിണറായിക്കെതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമായതാണ്. ഇപ്പോൾ ഇഡിയും സ്വയമേവ മുന്നോട്ടു പോകാതെ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയതിൽ എന്തോ കെണിയുണ്ട്. അതിനാൽ വളരെ ശ്രദ്ധിച്ചുവേണം കേസെടുക്കാനെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
നിയമോപദേശം ലഭിക്കും
പിണറായി വിജയനെതിരെ അന്വേഷണത്തിന് അനുമതി തേടി ഇഡി നൽകിയ കത്തിൽ അഡ്വക്കറ്റ് ജനറലും (എ.ജി) സംസ്ഥാന പൊലിസ് മേധാവിയും (ഡി.ജി.പി) സംയുക്തമായി നിയമോപദേശം നൽകും. അഴിമതി നിരോധന നിയമപ്രകാരമുള്ള പരാതികളിൽ ആദ്യം പ്രാഥമിക പരിശോധന വേണമെന്ന സുപ്രിം കോടതി വിധികളുടെ പശ്ചാത്തലത്തിൽ, പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസെടുക്കാമെന്ന നിലപാടായിരിക്കും നിയമോപദേശത്തിൽ ഉണ്ടാകുക. ഇത് സംബന്ധിച്ച ഔദ്യോഗിക നിയമോപദേശം രണ്ട് ദിവസത്തിനകം സർക്കാരിന് കൈമാറും. Also Read: എന്നെ കൊണ്ടൊക്കില്ല ഈ ടീമിനെ നന്നാക്കാൻ, പാക് ടീമിന് മുന്നിൽ കൈ മലർത്തി വസീം അക്രം
