ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ വിശ്വസ്തന്‍, ഗാബ വിജയത്തിന്റെ പടനായകന്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് അജിങ്ക്യ രഹാനെ
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും വിശ്വസ്തനായ മധ്യനിര ബാറ്റര്‍മാരില്‍ ഒരാളും വിദേശ മണ്ണില്‍ ഇന്ത്യയുടെ ചരിത്ര വിജയങ്ങള്‍ക്ക് പിന്നില്‍ മുഖ്യ പങ്കുവഹിച്ച താരവുമായ അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് 38കാരനായ താരം തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും രഹാനെ തുടരും.
ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള രഹാനെ തന്റെ കരിയറിനിടെ നിരവധി ചരിത്രവിജയങ്ങളുടെ ഭാഗമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 5,000-ത്തിലധികം റണ്‍സും 12 സെഞ്ചുറികളും നേടിയ അദ്ദേഹം, വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത ബാറ്റര്‍മാരില്‍ ഒരാളായിരുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ മികച്ച പ്രകടനം നടത്താനും താരത്തിനായിട്ടുണ്ട്. 2020- 21ലെ ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നായകനെന്ന് സ്വന്തമാക്കാനായതാണ് രഹാനെയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടം.
അഡ്‌ലെയ്ഡില്‍ ഇന്ത്യ 36 റണ്‍സിന് പുറത്തായതിനെ തുടര്‍ന്ന് സ്ഥിരം നായകന്‍ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത രഹാനെ, മെല്‍ബണില്‍ സെഞ്ചുറിയോടെ ഇന്ത്യയെ പരമ്പരയിലേക്ക് തിരിച്ചെത്തിച്ചിരുന്നു. തുടര്‍ന്ന് പരിക്കുകളുടെ പെരുമഴയിലും യുവതാരങ്ങളെ മുന്നില്‍ നിര്‍ത്തി ഗാബ്ബയില്‍ ഓസ്‌ട്രേലിയയുടെ 32 വര്‍ഷത്തെ അപരാജിത റെക്കോര്‍ഡ് അവസാനിപ്പിച്ചുകൊണ്ട് ചരിത്രപരമായ പരമ്പരവിജയം ഇന്ത്യയ്ക്ക് സമ്മാനിക്കാന്‍ രഹാനെയ്ക്കായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നായിരുന്നു ആ പരമ്പര നേട്ടം.
സാങ്കേതിക മികവും ക്ഷമയും ശാന്തമായ സമീപനവുമാണ് രഹാനെയെ കളിക്കളത്തില്‍ വ്യത്യസ്തനാക്കിയത്. മൈതാനത്തെ മാന്യതയുടെ പേരിലും രഹാനെ ശ്രദ്ധിക്കപ്പെട്ടു. ടെസ്റ്റ് ഫോര്‍മാറ്റില്‍ നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിനുള്ളത്.
വിരമിക്കല്‍ സന്ദേശത്തില്‍ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ ലഭിച്ച അവസരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് രഹാനെ പറഞ്ഞു. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ബിസിസിഐയ്ക്കും കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി രേഖപ്പെടുത്തികൊണ്ട് ഇന്ത്യന്‍ ജേഴ്‌സി ധരിച്ച ഓരോ നിമിഷവും ജീവിതകാലം മുഴുവന്‍ ഹൃദയത്തില്‍ സൂക്ഷിക്കുമെന്നും രഹാനെ വ്യക്തമാക്കി.