ഇന്ത്യൻ സിനിമയിൽ ഒരു നായകനടന്റെ ഏറ്റവും മികച്ച പ്രകടനം; പൃഥ്വിരാജിനെ വിസ്മയിപ്പിച്ച മമ്മൂട്ടി കഥാപാത്രം
മമ്മൂട്ടിയുടെ വിദ്യാധരൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ നെഞ്ചിൽ ഇന്നും ഒരു നോവായി തുടരുകയാണ്
Prithviraj and Mammootty
തിരക്കഥാകൃത്തായ ലോഹിതദാസ് സംവിധായകനായ ചിത്രമാണ് 'ഭൂതക്കണ്ണാടി'. മമ്മൂട്ടി നായകനായ ചിത്രം 1997 ലാണ് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ വിദ്യാധരൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ നെഞ്ചിൽ ഇന്നും ഒരു നോവായി തുടരുകയാണ്.
നടനും സംവിധായകനുമായ പൃഥ്വിരാജ് തന്റെ ഇഷ്ട കഥാപാത്രമായി മലയാളത്തിൽ നിന്ന് തിരഞ്ഞെടുത്തിരിക്കുന്നത് വിദ്യാധരനെയാണ്. 'ദ് ഹോളിവുഡ് റിപ്പോർട്ടറി'നു നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ ഇഷ്ടചിത്രങ്ങളെ കുറിച്ച് മനസ് തുറന്നത്.
' ഭൂതക്കണ്ണാടി ലോഹി സാറിന്റെ (ലോഹിതദാസ്) ആദ്യ സിനിമ. സംവിധായകനായി അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. ഇന്ത്യൻ സിനിമയിലെ ഒരു നടൻ ചെയ്ത വേഷങ്ങളിൽ ഏറ്റവും മികച്ചത്. ഈ സിനിമയിലെ മമ്മൂട്ടിയുടെ അഭിനയം ഒരു പാഠപുസ്തകമാണ്. ഇന്ന് തന്നെ കാണാൻ സാധിക്കുമെങ്കിൽ നിങ്ങൾ കാണണം. വല്ലാത്തൊരു പ്രകടനമാണ് അതിൽ, അസാധ്യമെന്ന് പറയേണ്ടിവരും,' പൃഥ്വി പറഞ്ഞു.
നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം, 1997 ലെ മികച്ച ചിത്രത്തിനു സംസ്ഥാന പുരസ്‌കാരം, രണ്ട് ഫിലിം ഫെയർ പുരസ്‌കാരങ്ങൾ, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്‌കാരം എന്നിവ 'ഭൂതക്കണ്ണാടി' കരസ്ഥമാക്കി.