രേണുക വേണു|
Last Modified ശനി, 28 ഫെബ്രുവരി 2026 (11:33 IST)
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനെ വെച്ച് പ്രിയദർശൻ സംവിധാനം ചെയ്ത കെ എസ് ആര്‍ ടിസിയുടെ പരസ്യ ചിത്രം പുറത്തിറങ്ങി. ഒന്നര മിനിട്ട് നീളുന്ന ചിത്രം തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ റിലീസ് ചെയ്‌തത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം തേടി
മോഹൻലാൽ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ യാത്രയെ ഓർത്തെടുത്തെടുക്കാന്നതാണ് ചിത്രത്തിന്റെ പ്രമേയം.
തൊടുപുഴയിലായിരുന്നു ചിത്രീകരണം. എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടീ… നിനക്ക് നന്ദി.
ഇതുപോലുള്ള ശുഭയാത്രകള്‍ സമ്മാനിക്കാന്‍ മലയാളിക്കൊപ്പം കെ എസ് ആര്‍ ടി സി എന്നെന്നും ഉണ്ടാകട്ടെ എന്ന് മോഹൻലാൽ ആശംസിച്ചു. കെഎസ്ആർടിസിയുടെ ഗുഡ്വിൽ അംബാസഡർ കൂടിയാണ് മോഹൻലാൽ.
മോഹൻലാലിന്റെ വാക്കുകൾ
"തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ആ കെ എസ് ആര്‍ ടി സി ബസില്‍ അന്ന് വലതു കാല്‍ വച്ച് കയറുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ആ യാത്ര എന്‍റെ ജീവിതത്തെ മാറ്റി മറിക്കുമെന്ന്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തേടി പോവുകയായിരുന്നു ഞാന്‍.
യാത്രകളുടെ വിരസത മാറ്റാന്‍ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക. അവരുടെ മനസില്‍ എന്താവും എന്നൊക്കെ വെറുതെ ചിന്തിക്കുക എന്നൊരു സ്വഭാവം അന്നും എനിക്കുണ്ടായിരുന്നു. ഒരു പക്ഷേ അതായിരിക്കാം ഞാന്‍ അറിയാതെ പഠിച്ച അഭിനയ കലയുടെ ആദ്യപാഠം.
ആലപ്പുഴ ഡിപ്പോയില്‍ ഇറങ്ങി നവോദയ സ്റ്റുഡിയോയിലേക്ക് നടക്കുമ്പോള്‍ ആ ആനവണ്ടിയും അതിലെ മനുഷ്യരും എനിക്ക് ആശംസകള്‍ പറയുന്നത് പോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞ് ഞാന്‍ മടങ്ങിയത് പ്രിയപ്പെട്ട ആനവണ്ടിയില്‍ തന്നെ. പോയ ഞാന്‍ അല്ലായിരുന്നു തിരിച്ചു വന്നത്. പിന്നീടുള്ള മോഹന്‍ലാലിന്‍റെ ജീവിതം എന്നെക്കാള്‍ നിങ്ങള്‍ക്കറിയാം. എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടീ… നിനക്ക് നന്ദി.
ഇതുപോലുള്ള ശുഭയാത്രകള്‍ സമ്മാനിക്കാന്‍ മലയാളിക്കൊപ്പം കെ എസ് ആര്‍ ടി സി എന്നെന്നും ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു"