അനുബന്ധ വാര്ത്തകള്
- 'ലാലേട്ടാ മിന്നിച്ചു'; വീണ്ടും ജോർജ്ജ്കുട്ടിയെ ഏറ്റെടുത്ത് പ്രേക്ഷകർ
- Drishyam 3 Review Malayalam: ട്വിസ്റ്റുകൾക്കു വേണ്ടി ടിക്കറ്റെടുത്താൽ നിരാശപ്പെടും; ഇത്തവണ കഥപറച്ചിലിൽ പുതുമ
- HBD Mohanlal: ദൃശ്യം 3ൽ ലാലേട്ടൻ തിരികൊളുത്തും, പിന്നാലെ തരുൺമൂർത്തി, ദിലീഷ് പോത്തൻ, പ്രിയദർശൻ ചിത്രങ്ങൾ
- Drishyam 3 FDFS Review: പതിഞ്ഞ താളത്തിൽ കഥ പറച്ചിൽ, ഞെട്ടിക്കുന്ന ഇന്റർവെൽ ബ്ലോക്ക്; ദൃശ്യം 3 ആദ്യ പകുതി കഴിഞ്ഞു
- സിനിമയിലെ വിസ്മയയുടെ 'തുടക്കം', ജൂഡ് ആൻ്റണി ജോസഫ് ചിത്രമെത്തുക ഓഗസ്റ്റ് 7ന്
Mohanlal: മോഹൻലാൽ അഥവാ അയലത്തെ കുറുമ്പൻ പയ്യൻ
മോഹൻലാലിനോളം മലയാളികളെ ഭ്രമിപ്പിച്ച ഒരു താരമില്ല. മലയാളികൾ മോഹൻലാലിനോട് കാണിക്കുന്നത് ഒരുതരം ഭ്രാന്ത് പിടിച്ച സ്നേഹവും വാത്സല്യവുമാണ്
Mohanlal: തെളിച്ചമുള്ള ഓർമകളിൽ പരതി നോക്കുമ്പോൾ ആദ്യം കണ്ട സിനിമ ഉസ്താദ് ആണ്. തൊട്ടപ്പുറത്തെ വീട്ടിൽ മാത്രമാണ് അന്ന് വിസിആർ ഉള്ളത്. ബന്ധുവായ ചേട്ടനൊപ്പം അപ്പുറത്തെ വീട്ടിൽ പോയിരുന്ന് ഉസ്താദ് കണ്ടത് നല്ല രസമുള്ള ഓർമയായി ഇന്നും അവശേഷിക്കുന്നുണ്ട്. 'മേ ഹൂം ഉസ്താദ്' എന്ന് മീശ പിരിച്ചുവെച്ച് മോഹൻലാൽ പറഞ്ഞു കേട്ടതാണ് ഓർമയിലുള്ള ആദ്യത്തെ സൂപ്പർസ്റ്റാർ മാനിഫെസ്റ്റേഷൻ. എന്നിട്ടും ഞാനൊരു കടുത്ത മമ്മൂട്ടി ആരാധകനായി ! മോഹൻലാൽ എന്ന പേര് നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത ശരാശരി മലയാളി കൂടിയായ മമ്മൂട്ടി ആരാധകൻ !
മോഹൻലാലിനോളം മലയാളികളെ ഭ്രമിപ്പിച്ച ഒരു താരമില്ല. മലയാളികൾ മോഹൻലാലിനോട് കാണിക്കുന്നത് ഒരുതരം ഭ്രാന്ത് പിടിച്ച സ്നേഹവും വാത്സല്യവുമാണ്. ഈ 66 ന്റെ നിറവിലും മലയാളികൾക്ക് അയാൾ അയലത്തെ വീട്ടിലെ പയ്യനാണ്. ഒരു ശരാശരി മലയാളിയുടെ എല്ലാ വികാര വിക്ഷോഭങ്ങളുടേയും ശരീരഭാഷയുടേയും ആകെത്തുകയാണ് മോഹൻലാൽ. അതുകൊണ്ട് തന്നെയാണ് അയാൾ ഇത്രത്തോളം പ്രിയപ്പെട്ടതാകുന്നതും. മലയാളികളുമായി റിലേറ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനായാസമായാണ് മോഹൻലാൽ തന്റെ ശരീരഭാഷയിലും മുഖഭാവത്തിലും ചടുലമായി പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങനെയൊരു നടനോട് മലയാളികൾക്ക് വല്ലാത്തൊരു ഇന്റിമസിയും ആരാധനയും തോന്നും. തമിഴ് മക്കൾക്ക് എക്കാലത്തും ആഘോഷിക്കാൻ ഒരു രജനീകാന്ത് ഉള്ളതുപോലെ ഇങ്ങ് മലയാളത്തിലും തലൈവരായി മോഹൻലാൽ ഉണ്ട്.
നമ്മളുമായി ഏറ്റവും അടുത്ത ഒരു വ്യക്തിയായി, അല്ലെങ്കിൽ നമ്മളെ പോലെ മറ്റൊരു വ്യക്തിയായി മോഹൻലാൽ കഥാപാത്രങ്ങളെ തോന്നുന്നിടത്താണ് അയാളിലെ താരവും നടനും നാല് പതിറ്റാണ്ടോളമായി വിജയിച്ചു നിൽക്കുന്നത്. ഒരു ടിപ്പിക്കൽ മലയാളി പ്രൊഡക്ടിനെ കാണിച്ചുതരാൻ ആരെങ്കിലും പറഞ്ഞാൽ സംശയമൊന്നും ഇല്ലാതെ നിങ്ങൾക്ക് മോഹൻലാലിലേക്ക് വിരൽചൂണ്ടാം...മോഹൻലാലിലേക്ക് മാത്രം !
തൊണ്ണൂറുകളിലാണ് മോഹൻലാൽ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെല്ലാം പകർന്നാടിയത്. അതിൽ മിക്കതും മലയാളികൾക്ക് പെട്ടന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളായിരുന്നു. മലയാളികളോട് ഏറ്റവും അടുത്തുനിൽക്കുന്ന കഥാപാത്രം. സ്വന്തം വീട്ടിലെ കുസൃതിയും കള്ളത്തരവും നിറഞ്ഞ ഒരു പയ്യനെ പോലെ മോഹൻലാൽ വിലസിയ കാലഘട്ടം. പിൽക്കാലത്ത് മോഹൻലാലിനെ പോലെ അയലത്തെ പയ്യൻ ഇമേജ് സ്വന്തമാക്കിയ മറ്റൊരു താരം ദിലീപാണ്. കരിയറിന്റെ പീക്ക് ടൈമിൽ ദിലീപ് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. അഭൂതപൂർവ്വമായ രീതിയിൽ കുടുംബപ്രേക്ഷകരുടെ പിന്തുണ അക്കാലത്ത് ദിലീപ് ചിത്രങ്ങൾക്ക് കിട്ടിയിരുന്നു. പക്ഷേ ദിലീപിന്റെ 'അയലത്തെ പയ്യൻ' ഇമേജിന് കേവലം നാലോ അഞ്ചോ വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അവിടെയാണ് മോഹൻലാൽ എത്രത്തോളം മലയാളികളുടെ പ്രിയപ്പെട്ടവനാണെന്ന് മനസ്സിലാകുന്നത്. നാല് പതിറ്റാണ്ടിലേറെയായി മോഹൻലാൽ മലയാളികൾക്ക് പ്രിയപ്പെട്ട ലാലേട്ടനായി ഇവിടെയുണ്ട്.
ഒരു നടൻ ആവർത്തിക്കപ്പെടരുത് എന്നാണ് എല്ലാ നിരൂപകരുടെയും നിരീക്ഷണം. ഇക്കാര്യത്തിൽ മലയാളികൾ ഒഴികഴിവ് നൽകിയിരിക്കുന്നത് മോഹൻലാലിന് മാത്രമാണ്. മോഹൻലാൽ ആവർത്തിക്കപ്പെടുന്നതിന്റെ ചന്തം മലയാളികൾക്ക് ഇന്നും ആസ്വദിച്ചു തീർന്നിട്ടില്ല. വിന്റേജ് മോഹൻലാലിനെ സ്‌ക്രീനിൽ കാണാൻ കൊതിക്കുന്നവരാണ് കടുത്ത മമ്മൂട്ടി ആരാധകനായ ഞാൻ പോലും. ഗാഥ 'ഐ ഹേറ്റ് യൂ' എന്ന് പറയുമ്പോൾ ഒന്ന് കുണുങ്ങി ചിരിച്ച് മോഹൻലാൽ പറയുന്നുണ്ട് 'ഇറ്റ്സ് ഇംപോസിബിൾ'. അതെ, വിന്റേജ് മോഹൻലാലിനെ വെറുക്കുക എന്നത് ഒരു മമ്മൂട്ടി ആരാധകന് പോലും ദുഷ്‌കരമായ കാര്യമാണ്. അതുകൊണ്ടാണ് 'ഹേ മനുഷ്യാ, നിങ്ങൾ എത്ര വേണമെങ്കിലും ആവർത്തിക്കൂ' എന്ന് പ്രായഭേദമന്യേ മലയാളികൾ ഇന്നും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.
എത്രയൊക്കെ കണ്ടു കളഞ്ഞാലും പിന്നെയും പിന്നെയും മായാജാലം തീർക്കുന്ന ലാൽ ഭാവങ്ങളുണ്ട്. അതൊരു സ്വാഭാവികമായ ഒഴുക്കാണ്. കുറച്ച് വെള്ളമെടുത്ത് ഒരു പരന്ന പാത്രത്തിൽ ഒഴിച്ചു നോക്കുക, വെള്ളം പരന്ന പാത്രത്തിന്റെ ആകൃതിയിലേക്ക് നിമിഷനേരം കൊണ്ട് മാറും. ആ വെള്ളമെടുത്ത് ഒരു കുപ്പിയിലേക്ക് ഒഴിക്കുക, വെള്ളത്തിന് പിന്നെ കുപ്പിയുടെ രൂപമാണ്. അങ്ങനെയാണ് ലാൽ ഭാവങ്ങളും. ഏത് കഥാപാത്രത്തേയും തന്നിലേക്ക് സ്വാംശീകരിക്കാൻ അപാരമായ കഴിവുണ്ട് മോഹൻലാലിന്. അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും മോഹൻലാൽ അത് വളരെ ലാഘവത്തോടെ ചെയ്യുന്നുണ്ട് വർഷങ്ങളായി.