Drishyam 3 Review Malayalam: ട്വിസ്റ്റുകൾക്കു വേണ്ടി ടിക്കറ്റെടുത്താൽ നിരാശപ്പെടും; ഇത്തവണ കഥപറച്ചിലിൽ പുതുമ
ദൃശ്യം 3 മുൻ ഭാഗങ്ങളെ പോലെ ഒരു സീറ്റ് എഡ്ജ് ത്രില്ലർ അല്ല
Drishyam 3
ദൃശ്യം 3 മുൻ ഭാഗങ്ങളെ പോലെ ഒരു സീറ്റ് എഡ്ജ് ത്രില്ലർ അല്ല. മറിച്ച് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഇമോഷണൽ ഡ്രാമയും അതിനെ തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങളും അടങ്ങുന്നതാണ്. ആദ്യ രണ്ട് ഭാഗങ്ങളിൽ രണ്ടാം പകുതിയിൽ സസ്‌പെൻസുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെങ്കിൽ മൂന്നാം ഭാഗത്ത് കഥാപാത്രങ്ങൾ കടന്നുപോകുന്ന ആത്മസംഘർഷങ്ങൾക്കാണ് പ്രാധാന്യം. വൻ ട്വിസ്റ്റുകൾ പ്രതീക്ഷിച്ചുവരുന്ന പ്രേക്ഷകരെ ഇത് ചിലപ്പോൾ നിരാശപ്പെടുത്തിയേക്കും.
അതേസമയം ആദ്യ രണ്ട് ഭാഗങ്ങളെ വെച്ച് നോക്കുമ്പോൾ ജീത്തു ജോസഫ് മേക്കിങ് ക്വാളിറ്റിയിൽ വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അവതരണശൈലിയിലെ അതിനാടകീയത കുറയ്ക്കാൻ സംവിധായകനു ഏറെക്കുറെ സാധിച്ചു. അപ്പോഴും കല്ലുകടിയായി ചില സംഭാഷണങ്ങളും രംഗങ്ങളും ഉണ്ടെന്നത് മറക്കുന്നില്ല. ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ സമീപിച്ചാൽ ദൃശ്യം 3 നിങ്ങളെ തീർച്ചയായും തൃപ്തിപ്പെടുത്തും. മോഹൻലാൽ അടക്കമുള്ളവരുടെ പെർഫോമൻസും മികച്ചതാണ്.