രേണുക വേണു|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (11:02 IST)
Vignesh Shivan, Nayanthara
2024 ല്‍ നയൻതാരയുടെ ജീവിതവും വിഘ്‌നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവും പശ്ചാത്തലമാക്കിയൊരുങ്ങിയ 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ' ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷും നയന്‍താരയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററിയുടെ ട്രെയിലറില്‍ ധനുഷ് നിര്‍മിച്ച് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്‌ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള മൂന്ന് സെക്കന്‍ഡ് വീഡിയോ ഉള്‍പ്പെടുത്തിയിരുന്നു. അതിന്‍റെ പകര്‍പ്പവകാശം ആവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് പത്തുകോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെ തുടർന്ന് ധനുഷിനെ നയന്‍താര സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി വിമർശിച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നയൻതാരയുടെ ഭർത്താവും സംവിധായകനുമായ
വിഘ്നേഷ് ശിവന്‍. നയൻതാരയുമായുള്ള പ്രശ്നങ്ങൾക്ക് ശേഷം ധനുഷുമായുള്ള തന്റെ തൗഹൃദം തകർന്നു എന്നും അതിൽ താനിന്ന് ഖേദിക്കുന്നു എന്നുമായിരുന്നു വിഘ്നേഷിന്റെ പ്രതികരണം. തന്റെ അച്ഛന്റെ സ്ഥാനത്താണ് ധനുഷിനെ കാണുന്നത്. അത്രത്തോളം വൈകാരികമായ അടുപ്പമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ ബന്ധം നഷ്‌ടപ്പെട്ടതാണ് എന്‍റെ ജീവിതത്തിലെ വലിയ നഷ്‌ടമായി കാണുന്നു എന്ന് വിഘ്നേഷ് പറഞ്ഞു. ലവ് ഇൻഷുറൻസ് കമ്പനി' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"അദ്ദേഹത്തിന്‍റെ പിറന്നാൾ ജൂലായ് 28-നാണ്. അതേ ദിവസമാണ് എന്‍റെ അച്ഛൻ മരിച്ചത്. അച്ഛന്‍റെ സാന്നിധ്യമാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വൈകാരിക അടുപ്പമാണുള്ളത്. അദ്ദേഹത്തെ ഞാന്‍ അങ്ങനെയാണ് കാണുന്നത്. പിന്നെ നമ്മള്‍ പോലുമറിയാതെ ചിലതൊക്കെ സംഭവിക്കും. സാഹചര്യങ്ങള്‍ അങ്ങനെയായി പോകും. ആ ബന്ധം നഷ്‌ടപ്പെട്ടതാണ് എന്‍റെ ജീവിതത്തിലെ വലിയ നഷ്‌ടമായി കാണുന്നു. എനിക്ക് അതില്‍ ലജ്ജയും തോന്നുന്നു, എവിടെയോ എന്തോ പിഴവ് സംഭവിച്ചിരിക്കണം. തന്‍റെ ജീവിതവും കരിയറും രൂപപ്പെടുത്തുന്നതില്‍ ധനുഷ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
പ്രശ്‌നമുണ്ടായ ശേഷം രണ്ട് പേർ പിരിയുകയാണെങ്കിൽ ആ പ്രശ്നത്തിന് പിന്നീട് പരിഹാരം കണ്ടെത്താൻ കഴിയും. എന്നാൽ പ്രശ്നങ്ങളെ ഇല്ലാതെ പിരിയുന്ന അവസ്ഥ വരുമ്പോൾ അതെങ്ങനെ പരിഹരിക്കും. അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ജോലി ചെയ്യുന്ന ആൾ ഈ ലോകത്തിലില്ല എന്നു തന്നെ പറയേണ്ടി വരും... അദ്ദേഹത്തോട് നന്ദിയും കടപ്പാടും സ്നേഹവും എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത് മരണം വരെയും അങ്ങനെ തന്നെയാകും. എന്‍റെ ജീവിതത്തില്‍ ധനുഷ് സാര്‍ എനിക്ക് വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്"- വിഘ്നേഷ് ശിവന്‍ പറഞ്ഞു.