അനുബന്ധ വാര്ത്തകള്
- Mammootty: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക്; റെക്കോർഡിൽ അമിതാഭ് ബച്ചനൊപ്പം
- 'നിങ്ങൾ എന്നെ കളിയാക്കാനാണോ'; മമ്മൂട്ടിക്ക് ആദ്യം ദഹിച്ചില്ല, ബോക്സ്ഓഫീസിൽ വിനയായി 'നെഗറ്റീവ് ഷെയ്ഡ്'
- 'പൊന്തൻമാട'യ്ക്കു ശേഷം മമ്മൂട്ടിയും നസറുദ്ദീൻ ഷായും ഒന്നിക്കുന്നു
- കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്
- 'എല്ലാം സെറ്റ്, ഇനി തലൈവർ വരട്ടെ'; ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിനു തുടക്കമായി
മികച്ച നടൻ: മമ്മൂട്ടിയല്ല ചാത്തൻ, തീരാത്ത 'അഭിനയ'ജാലം
മമ്മൂട്ടി ഒരേസമയം ഏറ്റവും മികച്ച നടനും ചിലപ്പോഴെക്കെ മോശം നടനുമാണ്
Mammootty
' ചോദിക്കാറുണ്ട് ചിലര്, മമ്മൂട്ടിയെ ഉദ്ദേശിച്ചിട്ടാണോ ഇത് എഴുതിയത് എന്ന്. 'അല്ല, മമ്മൂട്ടിയെ ഉദ്ദേശിച്ചിട്ട് ഒന്നും എഴുതാറില്ല. പക്ഷേ എഴുതി കഴിയുമ്പോൾ തോന്നും 'ഇത് മമ്മൂട്ടി ചെയ്താൽ കൊള്ളാം'. എഴുതി കഴിയുമ്പോൾ ഈ കഥാപാത്രത്തിനു എന്റെ മനസിൽ ഒരു രൂപമുണ്ട്, രൂപഘടനയുണ്ട്. ആകൃതി, പ്രകൃതി, സംസാരം, ചലനം, ശരീരഭാഷ തുടങ്ങിയവയൊക്കെ ഉണ്ട്,' ഒരിക്കൽ മമ്മൂട്ടിയെ മുന്നിലിരുത്തി അയാളുടെ 'എം.ടി സാർ' (എം.ടി.വാസുദേവൻ നായർ) പറഞ്ഞതാണ്. കഥാപാത്രത്തിന്റെ ആകൃതിയിലും പ്രകൃതിയിലുമാണ് മമ്മൂട്ടിയെന്ന നടൻ 'ഔട്ട്ഡേറ്റഡ്' ആകാതെ തുടരുന്നത്.
മമ്മൂട്ടി ഒരേസമയം ഏറ്റവും മികച്ച നടനും ചിലപ്പോഴെക്കെ മോശം നടനുമാണ്. കാമ്പില്ലാത്ത കഥാപാത്രങ്ങളെ കൈയിൽ കിട്ടിയാൽ എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രമിക്കുന്ന മമ്മൂട്ടിയെ കാണാം. കാമ്പുള്ള കഥാപാത്രങ്ങൾക്കു വേണ്ടി ഏതറ്റം വരെയും നൂൽപ്പാലത്തിലൂടെ പോകുന്ന മമ്മൂട്ടിയെയും കാണാം. കേവലം 'പെർഫോമർ' ആയിരിക്കാൻ മമ്മൂട്ടി ആഗ്രഹിക്കുന്നില്ല, അങ്ങനെ ആഗ്രഹിച്ചപ്പോഴെല്ലാം മമ്മൂട്ടിയിലെ നടൻ അപ്രസക്തമായി പോയിട്ടുമുണ്ട്. പെർഫോമർക്കു ആവർത്തിക്കപ്പെടാനുള്ള ലൈസൻസുണ്ട്, എന്നാൽ ഒരു നടനു അതില്ല. സ്വന്തം ശരീരഭാഷയും പേറി നിങ്ങൾക്കു നടനാകാൻ പറ്റില്ല, ചിലപ്പോൾ ഒരുപരിധി വരെ പെർഫോമർ ആകാൻ സാധിച്ചേക്കും. ഇത് തിരിച്ചറിഞ്ഞാണ് മമ്മൂട്ടി തന്നിലെ നടനെ പുതുക്കിയത്, അതുകൊണ്ടാണ് മമ്മൂട്ടിയിലെ താരത്തിന്റെ വിന്റേജ് കാണാൻ കൊതിക്കുന്ന കടുത്ത മമ്മൂട്ടി രസികർ പോലും അയാളിലെ നടനിലെ വിന്റേജിനെ കുറിച്ച് പുളകം കൊള്ളാത്തത്. കാരണം അവർക്കറിയാം 'നടൻ മമ്മൂട്ടി' സിനിമയിലെ അവസാന ശ്വാസം വരെയും ഞെട്ടിക്കുമെന്ന് !
മമ്മൂട്ടിയിലെ ഫ്ളക്സിബിലിറ്റി അതിശയിപ്പിക്കുന്നതാണ്. ഒരു നടനിലെ ഫ്ളക്സിബിലിറ്റി അഥവാ അനായാസത കഥാപാത്രത്തിൽ നിന്ന് കഥാപാത്രത്തിലേക്കുള്ള അഡാപ്റ്റബിലിറ്റിയാണ്. അതുകൊണ്ടാണ് ലോഹിതദാസ് ഒരിക്കൽ പറഞ്ഞത്, ' മലയാളത്തിലെ ഏറ്റവും ഫ്ളക്സിബിൾ ആയ നടൻ മമ്മൂട്ടിയാണ്. ശരീരം എളുപ്പത്തിൽ ചലിപ്പിക്കുന്നതോ ഡാൻസ് ചെയ്യുന്നതോ അല്ല ഫ്ളക്സിബിലിറ്റി. അഭിനയത്തിലെ അനായാസത എന്നുപറഞ്ഞാൽ അത് ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരിവർത്തനമാണ്,' വാക്കുകൾ അളന്നും മുറിച്ചും പറയുന്ന പരുക്കനായ ലോഹിയിൽ നിന്ന് മമ്മൂട്ടിക്കു വർഷങ്ങൾക്കു മുൻപേ കിട്ടിയൊരു 'അവാർഡ്'
ഭ്രമയുഗത്തിലെ പോറ്റിയും ചാത്തനുമായി മനയ്ക്കലേക്കു കയറുമ്പോൾ മമ്മൂട്ടിക്ക് 'മമ്മൂട്ടി'യെ മാത്രം പടിക്കൽ നിർത്തിയാൽ പോരാ. മറിച്ച് വിധേയനിലെ ഭാസ്‌കര പട്ടേലരെ മുതൽ പാലേരിമാണിക്യത്തിലെ മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജിയെ വരെ വലിച്ചെറിയണം. ശക്തനായ ദൈവത്തോട് പോരടിക്കണമെങ്കിൽ അതിശക്തനായ സാത്താനാകണം, കൊടുമൺ പോറ്റി അങ്ങനെയാണ്. അയാൾക്ക് എപ്പോഴും ചോരയുടെ നിറമാണ്, ഗന്ധമാണ്. മുൻ വില്ലൻ വേഷങ്ങളുടെ ആവർത്തനം കൊടുമൺ പോറ്റിയുടെ ചിരിയിൽ പോലും ഉണ്ടാകരുതെന്ന് അയാൾക്ക് ശാഠ്യമുണ്ടായിരുന്നു. നാനൂറിൽ അധികം സിനിമകളിൽ അഭിനയിച്ച മഹാനടൻ അതിനായി വിയർപ്പൊഴുക്കിയിട്ടുണ്ട്. ഓരോ സിനിമകൾ കഴിയും തോറും സ്വയം പുതുക്കാൻ കാണിക്കുന്ന മമ്മൂട്ടിയിലെ നടന് ഈ സംസ്ഥാന പുരസ്‌കാരം മറ്റാരെക്കാളും അർഹതപ്പെട്ടതാകാൻ കാരണവും അതാണ്. അധികാരത്തിന്റെ മത്തുപ്പിടിച്ച, കുപ്രസിദ്ധനായ കൊടുമൺ പോറ്റിക്ക് വേണ്ടി തന്റെ താരശരീരത്തിലെ ആടയാഭരണങ്ങൾ രണ്ടാമതൊന്നു ചിന്തിക്കാതെ മമ്മൂട്ടി അഴിച്ചുവെച്ചു. ചിരിയിലും സംസാരത്തിലും നോട്ടത്തിലും ശരീരഭാഷയിലും മമ്മൂട്ടിയെ കാണാത്ത വിധം കൊടുമൺ പോറ്റിയിലേക്കുള്ള വേരിറക്കം പ്രേക്ഷകർ അത്ഭുതത്തോടെ നോക്കിയിരുന്നു.
മമ്മൂട്ടി ആന്റോഗോണിസ്റ്റ് വേഷത്തിലെത്തുന്നു എന്നു പറയുമ്പോൾ നിങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്ന ചില പേരുകൾ ഏതൊക്കെയാണ്? ഭാസ്‌കര പട്ടേലർ, അഹമ്മദ് ഹാജി, മുന്നറിയിപ്പിലെ രാഘവൻ, പുഴുവിലെ കുട്ടൻ...! ആവേശം കൊള്ളിക്കുന്ന, ഭയപ്പെടുത്തുന്ന ഒരു പട്ടിക തന്നെയുണ്ട്. എന്നാൽ കൊടുമൺ പോറ്റിയിലേക്ക് എത്തുമ്പോൾ മേൽപ്പറഞ്ഞ ഒരു കഥാപാത്രത്തിന്റെയും ആവർത്തനം നിങ്ങൾക്ക് കാണാൻ സാധിക്കില്ല. നടൻ മുരളി പറഞ്ഞതു പോലെ 'അഭിനയത്തിൽ ആവർത്തനം ഇല്ലാത്തവൻ ആരോ അയാൾ നല്ല നടനാണ്'. എങ്കിൽ മമ്മൂട്ടി അതിൽ 'രാക്ഷസ നടികർ' ആണ്. താൻ മുൻപ് ചെയ്തുവെച്ച പ്രതിനായക വേഷങ്ങളുടെ ഒരു മാനറിസവും കൊടുമൺ പോറ്റിയിൽ ഉണ്ടാകരുതെന്ന് അയാൾക്ക് ശാഠ്യമുണ്ടായിരുന്നു.
ഭ്രമയുഗത്തിന്റെ പ്രചാരണ പരിപാടികളോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ മമ്മൂട്ടിയെ കുറിച്ച് അത്ര പഠനങ്ങളൊന്നും നടത്താത്ത ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുന്നുണ്ട് 'ഭീഷ്മ പർവ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇരിക്കുന്നതു പോലെയാണല്ലോ ഭ്രമയുഗത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഇരിക്കുന്നത്' എന്ന്. 'രണ്ടും ഒരേ ഇരിപ്പ് തന്നെയാണോ' എന്നായി മമ്മൂട്ടിയുടെ തിരിച്ചുള്ള ചോദ്യം. ഒന്നൂടെ കനത്തിൽ 'ഉറപ്പാണോ' എന്നു മാധ്യമപ്രവർത്തകനോട് 'ഇരുത്തി' ചോദിക്കുന്നുമുണ്ട്. അതിനുശേഷം രണ്ട് പോസ്റ്ററുകളിലേയും ഇരിപ്പ്, കൈ വെച്ചിരിക്കുന്നത് അടക്കം മാധ്യമങ്ങൾക്ക് മുന്നിൽ മമ്മൂട്ടി കാണിച്ചു കൊടുക്കുന്നു. ഇരിക്കുന്നത് കസേരയിൽ ആണെന്നത് ഒഴിച്ചാൽ ആ ഇരിപ്പിൽ മറ്റ് സാമ്യതകളൊന്നും ഇല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി കൊടുത്തു. കഴിഞ്ഞില്ല ഒരു കാര്യം കൂടി അതിനൊപ്പം കൂട്ടിച്ചേർത്തു, 'എന്നെ ചതിക്കരുത്, ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ചെയ്യുന്നതാണ്.' ആ വാക്കുകളിൽ ഒരു ദൈന്യതയുണ്ട്, അരനൂറ്റാണ്ടോളമായി സിനിമ ചെയ്തിട്ടും കഥാപാത്രങ്ങൾ ശരീരഭാഷ കൊണ്ട് പോലും ആവർത്തിക്കപ്പെടാതിരിക്കാൻ കഷ്ടപ്പെടുന്നവനെ ഇങ്ങനെ ഓരോന്ന് ചോദിച്ച് തളർത്തരുതെന്ന് അപേക്ഷിക്കുന്ന വിധം..! അല്ലെങ്കിൽ നിങ്ങൾ തന്നെ ആ ഇരിപ്പുകൾ നോക്കുക, ഒന്നിൽ തനിക്കു ചുറ്റിലുമുള്ള മനുഷ്യരുടെ സംരക്ഷകനായി ജാഗ്രതയോടെ ഇരിക്കുന്ന മൈക്കിളപ്പയെ കാണാം, മറ്റേ ഇരിപ്പിൽ അധികാരത്തിന്റെ മത്തുപിടിച്ചിരിക്കുന്ന കണ്ണിൽ കുടിലതയുള്ള പോറ്റിയെ അല്ലെങ്കിൽ ചാത്തനെ കാണാം.
എല്ലാവരും പറയുന്നുണ്ട്, 'മമ്മൂട്ടി മത്സരിക്കുന്നത് യുവനടൻമാരോടാണ്' എന്ന്. യഥാർഥത്തിൽ മമ്മൂട്ടി മത്സരിക്കുന്നത് മമ്മൂട്ടിയോടു തന്നെയാണ്. തന്നിലെ നടൻ ആവർത്തിക്കപ്പെടാതിരിക്കാൻ മുൻപു ചെയ്ത കഥാപാത്രങ്ങളോടു മല്ലയുദ്ധം നടത്തുകയാണ് മമ്മൂട്ടി. മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച 'ഒരു വടക്കൻ വീരഗാഥ' ഇന്ന് ചെയ്യുകയാണെങ്കിൽ അഭിനയത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ഉറപ്പിച്ചു പറയുന്ന മമ്മൂട്ടി 'മമ്മൂട്ടി'യോടല്ലാതെ മറ്റാരോടാണ് മത്സരിച്ചുകൊണ്ടിരിക്കുന്നത് ! ഓർക്കണം, മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടിയ കഥാപാത്രത്തെ കുറിച്ച് വർഷങ്ങൾക്കു ശേഷം മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇതെന്ന്..! സ്വയം പുതുക്കി, ആവർത്തനങ്ങൾക്ക് സൂചിയിട നൽകാതെ 'മമ്മൂട്ടി സിറന്ത നടികർ' ആയി വാഴുന്നത് ഇങ്ങനെയൊക്കെയാണ്...! വഴിയിൽ ഇട്ടേച്ചും പോകില്ലേൽ ഞാൻ ഇനിയും പരീക്ഷണങ്ങൾ ചെയ്യാമെന്ന് മമ്മൂട്ടി പ്രേക്ഷകർക്ക് വാക്ക് നൽകിയിട്ടുണ്ട്. ആ വാക്ക് പൊന്നാകട്ടെ, മഹാനടന്റെ അഭിനയത്തോടുള്ള 'ഭ്രമം' തുടരട്ടെ..! മമ്മൂട്ടിക്ക്, മികച്ച നടന്, മലയാളത്തിന്റെ മഹാനടന് ആശംസകൾ..!