എന്റെ സമാധാനം കളയുമെങ്കില്‍ പിന്നെ എന്തിന് ഞാനതിന് പോകണം, വിവാഹത്തെ പറ്റി നിത്യ മേനോന്‍
മലയാളികള്‍ക്ക് അന്‍വര്‍, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യ മേനോന്‍. മലയാളവും കടന്ന് ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം ഇതുവരെയും വിവാഹം ചെയ്തിട്ടില്ല. ഇപ്പോഴിതാ വിവാഹത്തെ പറ്റി താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ വിവാഹത്തിന് പിന്നാലെയല്ല പോകുന്നതെന്നും ശരിയായ ബന്ധത്തിന് പിന്നാലെയാനെന്നും നിത്യ മേനോന്‍ പറയുന്നു. വിവാഹം എന്നതിനേക്കാള്‍ അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് താരം പറയുന്നത്.
ഞാന്‍ വിവാഹത്തിന് പിന്നാലെയല്ല, ശരിയായ ബന്ധത്തിന് പിന്നാലെയാണ്. അതുകൊണ്ട് തന്നെ അങ്ങനെയൊരു ബന്ധം കണ്ടെത്താനായില്ലെങ്കില്‍ വിവാഹം ചെയ്യില്ല. ജീവിതത്തില്‍ സ്വാതന്ത്ര്യം വേണം. ഈഗോയുടെ അടിസ്ഥാനത്തില്‍ പെരുമാറുന്നവരാണെങ്കില്‍ ആ ബന്ധം ഒരിക്കലും ശരിയാകില്ല. പരസ്പരം വളരാന്‍ കഴിയുന്ന ജീവിതത്തെ കുറച്ചുകൂടി ബോധത്തോടെ കാണുന്നയാളുകളെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവരെ കണ്ടെത്തുക എളുപ്പമല്ല. ഇതിനെ വലിയൊരു കാര്യമായി കാണേണ്ടതില്ല. ജീവിതത്തിലെ എന്റെ ചോയ്‌സുകള്‍ വ്യത്യസ്തമാണ്.
എന്റെ ജീവിതം വളരെ മനോഹരവും സമാധാനപരവുമാണ്. ആ സമാധാനത്തെ ഇല്ലാതെയാക്കുന്ന ഒന്നിലേക്ക് ഞാന്‍ എന്തിനാണ് കടക്കുന്നത്. ആ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കാന്‍ പറ്റുന്ന ഒരാളാണെങ്കില്‍ അതിലേക്ക് വരാന്‍ ഞാന്‍ ആഗ്രഹിക്കും. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ചോദ്യപേപ്പറുകളാണ് പൂരിപ്പിക്കാനുള്ളത്.ഇതാണ് ശരി , ഇതാണ് തെറ്റെന്ന് പറയാനാവില്ല. ചില വിവാഹങ്ങള്‍ അവരവര്‍ തിരെഞ്ഞെടുക്കുന്നതല്ല. അങ്ങനെയുള്ള വിവാഹങ്ങളില്‍ ചിലര്‍ ഹാപ്പിയാണ്. ചില ആളുകള്‍ സന്തോഷമുള്ളവരല്ല. നമ്മള്‍ തന്നെ തിരെഞ്ഞെടുക്കുന്ന ഒരാളെ ചിലപ്പോള്‍ ഡിവോഴ്‌സ് ചെയ്യേണ്ടിവന്നേക്കാം. ഏതാണ് ശരി,ഏതാണ് തെറ്റ് എന്നൊന്നും പറയാനാകില്ല. ഗോപിനാഥുമായുള്ള പോഡ്കാസ്റ്റില്‍ നിത്യ പറഞ്ഞു.
