1. മറ്റുള്ളവ
  2. സ്ത്രീ
  3. സ്ത്രീകള്‍ക്കു മാത്രം
  4. Devi Ajith opens up about mental health issues and husband's death

'മൂന്ന് മാസം ബോധമില്ലാതെ കിടന്നു, വെള്ളസാരിയുടുത്ത് വീട്ടിലിരുന്നു കൂടേയെന്ന് ചോദിച്ചു'; ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ദേവി അജിത്ത്

'കാര്യം സാമ്പത്തികമാണ്' എന്ന യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് ഭർത്താവിൻ്റെ മരണത്തെക്കുറിച്ചും സാമ്പത്തിക സ്വാതന്ത്രത്തെ കുറിച്ചും ദേവി അജിത്ത് സംസാരിക്കുന്നത്.

Devi Ajith, Women, Financial freedom, Life
മിനിസ്ക്രീനിലൂടെ മലയാളി കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി അജിത്ത്. 'മഴ'യെന്ന ചിത്രത്തിലൂടെ ബി​ഗ്സ്ക്രീനിലേക്കും ചുവടുവെച്ച ദേവി തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിൽ കടവന്നുവന്ന പ്രയാസകരമായ അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരമിപ്പോൾ. 'കാര്യം സാമ്പത്തികമാണ്' എന്ന യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് ഭർത്താവിൻ്റെ മരണത്തെക്കുറിച്ചും സാമ്പത്തിക സ്വാതന്ത്രത്തെ കുറിച്ചും ദേവി അജിത്ത് സംസാരിക്കുന്നത്. 
 
ഭർത്താവിന്റെ മരണം തന്നിലുണ്ടാക്കിയ ആഘാതം വലുതായിരുന്നുവെന്ന് ദേവി പറയുന്നുണ്ട്. വിമർശനങ്ങൾ ഏറെ നേരിടേണ്ടി വന്നിരുന്നുവെന്നും എന്നാൽ തനിക്ക് മുന്നോട്ടുപോയേ പറ്റുമായിരുന്നുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. മാനസികമായി വലിയ പ്രയാസങ്ങൾ നേരിട്ട കാലമുണ്ടായിരുന്നു, അന്ന് ആളുകൾ തനിക്ക് ജാഡയാണെന്നും താൻ തൻ്റേടിയാണെന്നും പറഞ്ഞിരുന്നുവെന്നും എന്നാൽ സത്യാവസ്ഥ മറ്റൊന്നായിരുന്നുവെന്നും നടി പറഞ്ഞു. 
 
'എനിക്ക് സംഭവിച്ചത് എൻ്റെ മാത്രം നഷ്ടമാണ്. എനിക്കും എൻ്റെ മകൾക്കും. മകൾക്ക് മൂന്നര വയസേയുള്ളൂ. എനിക്ക് ആ സമയത്ത് മുന്നോട്ടുപോയേ പറ്റൂ. ആ സമയത്ത് മാനസികമായി വലിയ പ്രശ്നങ്ങളുണ്ടായി. ഹിസ്റ്റീരിയ, ബൈപോളാർഡ് അത്തരത്തിൽ പല മാനസിക പ്രയാസങ്ങളും വന്നു. മൂന്ന് മാസം ബോധമില്ലാതെ കിടന്നു. ആൾക്കാരുടെ വിചാരം എനിക്ക് ജാഡയാണെന്നാണ്. ഇത് ജാഡയല്ല. അഹങ്കാരം, അഹംഭാവം, തൻ്റേടി ഇതൊന്നുമല്ല അതിൻ്റെ വാക്ക്. ഇതിൻ്റെ വാക്ക്, നമുക്ക് ജീവിക്കണമെങ്കിൽ നമുക്ക് മുന്നോട്ടുപോയേ പറ്റൂ എന്നതാണ്. വെള്ള സാരിയൊക്കെ ഉടുത്ത് വീട്ടിലിരുന്നൂടെ എന്ന് ചോദിച്ചവരുണ്ട്. അതങ്ങനെയല്ല. വെള്ള സാരിയുമുടുത്ത് വീട്ടിൽ ഇരുന്നത് കൊണ്ട് അവര് കൊണ്ട് തരുമോ എന്തെങ്കിലും. അജി മരിക്കാൻ വേണ്ടി കാത്തിരുന്നു അവൾ വീണ്ടും ഇറങ്ങിത്തുടങ്ങി എന്ന് പറഞ്ഞവരുണ്ട്. ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ആരും ഒന്നും കൊണ്ടുതരില്ല. എനിക്ക് മറ്റൊരാളെ ആശ്രയിക്കാൻ എനിക്ക് താത്പര്യമില്ല. ആ ശക്തി കുഞ്ഞിലേ ഉണ്ടായിരുന്നു, അതുതന്നെയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്', ദേവി അജിത്ത് പറഞ്ഞു. 
 
18-ാം വയസിലായിരുന്നു ദേവി തിയേറ്റർ ഉടമ കൂടിയായ അജിത്തിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് ഒരു മകളുമുണ്ടായി. ജീവിതം സുഖകരമായി മുന്നോട്ടുപോകുന്നതിനിടെയാണ് അജിത്ത് മരണപ്പെടുന്നത്. കല്യാണത്തിന് ശേഷം അഭിനയിക്കുകയെന്നതൊഴിച്ച് മറ്റെല്ലാ കാര്യത്തിലും തനിക്ക് ഭർത്താവിൽ നിന്നും പരിപൂർണ പിന്തുണയുണ്ടായിരുന്നതായി ദേവി മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഭർത്താവിൻ്റെ മരണശേഷമാണ് ദേവി അജിത്ത് സിനിമയിലേക്ക് ചുവടുവെക്കുന്നത്. വിവാഹത്തിന് ശേഷവും സ്വന്തമായി ബിസിനസ് ചെയ്തായിരുന്നു ദേവി തൻ്റെ ആവശ്യങ്ങൾ നിറവേറ്റിയികുന്നത്. ഭർത്താവിനെയോ കുടുംബത്തെയോ ആശ്രയിക്കുന്ന പതിവ് അന്നും തനിക്കുണ്ടായിരുന്നില്ലെന്നും ദേവി പറഞ്ഞിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!