സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ മാനസികവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍

അറിയാതെയും മാനേജ്‌മെന്റ് കൂട്ടുനില്‍ക്കുന്ന അവസ്ഥയുണ്ടെന്നും വനിതാ കമ്മീഷന്‍ അംഗം കൂട്ടിച്ചേര്‍ത്തു.

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2025 (10:20 IST)
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ മാനസികവും സാമ്പത്തികവുമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തൊഴില്‍ സ്ഥലത്തുണ്ടാവുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ രീതിയിലുള്ള മാനസിക പീഡനമാണ് പലപ്പോഴും സ്ത്രീ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാരില്‍ നിന്ന് ഉണ്ടാവുന്നതെന്നും ഇതിന് അറിഞ്ഞും അറിയാതെയും മാനേജ്‌മെന്റ് കൂട്ടുനില്‍ക്കുന്ന അവസ്ഥയുണ്ടെന്നും വനിതാ കമ്മീഷന്‍ അംഗം കൂട്ടിച്ചേര്‍ത്തു.

തുച്ഛമായ വേതനത്തിന് അതിരാവിലെ മുതല്‍ ഏറെ വൈകും വരെ ജോലി ചെയ്യുമ്പോഴും തൊഴില്‍ സ്ഥലങ്ങളില്‍ നേരിടേണ്ടിവരുന്ന മോശപ്പെട്ട അനുഭവങ്ങള്‍ സ്ത്രീകളുടെ അത്മാഭിമാനത്തിന് നേരെയുള്ള വെല്ലുവിളിയാണ്. പ്രസവാവധി എടുത്ത് ജോലിക്ക് പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ മേലധികാരികളില്‍ നിന്ന് മോശപ്പെട്ട അനുഭവം നേരിട്ടതുമായി ബന്ധപ്പെട്ടും പരാതികള്‍ വരുന്നുണ്ട്. താത്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നവരോടുള്ള മേലുദ്യോഗസ്ഥരുടെ പെരുമാറ്റം ചില സമയങ്ങളില്‍ വളരെ മോശമാണ്. ജോലിയില്‍ തുടര്‍ന്ന് പോകാന്‍ മാനേജര്‍മാരുടെയും ടീം ലീഡര്‍മാരുടെയും കാരുണ്യം ആവശ്യമാണെന്ന നിലയിലാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ പരിശോധനകള്‍ക്കൊപ്പം ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും വേണമെന്ന് അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.

അദാലത്തില്‍ 23 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. ഇവയില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. അഞ്ച് പരാതികളിന്മേല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. 16 എണ്ണം അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു. ഒരു പരാതി അദാലത്തില്‍ നേരിട്ട് ലഭിക്കുകയും ചെയ്തു. സ്വകാര്യ തൊഴിലിടങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പുറമെ ഗാര്‍ഹിക പീഡനം, സാമ്പത്തിക പ്രശ്‌നങ്ങള്‍, അതിര്‍ത്തി തര്‍ക്കം തുടങ്ങിയ പരാതികളും അദാലത്തില്‍ പരിഗണനയ്ക്ക് വന്നു. വനിത സെല്‍ എ.എസ്.ഐ കെ. നസീമ, കൗണ്‍സിലര്‍മാരായ റിയ, ശ്വേത എന്നിവരും ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :