നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ
ജൂലായ് 17, 18 ദിവസങ്ങളിലാണ് സയന്‍സ് വിഷയങ്ങളുടെ യുജിസി- സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷകള്‍ നടന്നത്.
ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ പരീക്ഷ നടന്നിട്ടും യുജിസി- നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ഇതുവരെയും പുറത്തുവിടാതെ എന്‍ടിഎ. ജൂണ്‍ 22 മുതല്‍ 30 വരെയായാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പരീക്ഷ നടത്തിയത്. 7 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. സാധാരണയായി രണ്ടാഴ്ചയ്ക്കുള്ളില്‍ ഉത്തരസൂചിക വരുകയും ഒരു മാസത്തിനകം ഫലപ്രഖ്യാപനം നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ ഒരു മാസമായിട്ടും ഉത്തരസൂചിക പോലും പുറത്തുവന്നിട്ടില്ല.
ജൂലായ് 17, 18 ദിവസങ്ങളിലാണ് സയന്‍സ് വിഷയങ്ങളുടെ യുജിസി- സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷകള്‍ നടന്നത്. ഇതിന്റെയും ഉത്തരസൂചികയും ഫലപ്രഖ്യാപനവും വന്നിട്ടില്ല. ഒന്നരലക്ഷത്തിലധികം വിദ്യാര്‍ഥികളായിരുന്നു ഈ പരീക്ഷ എഴുതിയിരുന്നത്. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേടുണ്ടായതായി എന്‍ടിഎക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നെറ്റിന്റെ ഇംഗ്ലീഷ് പരീക്ഷയില്‍ 2024 ചോദ്യക്കടലാസിലെ 67 ചോദ്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. സോഷ്യോളജി പരീക്ഷയില്‍ അക്ഷരത്തെറ്റുകളുണ്ടായി. അക്കാദമിക് പദങ്ങള്‍ വരെ തെറ്റിച്ചുനല്‍കിയിരുന്നു. സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ വന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനൊപ്പം സോഷ്യോളജി ചോദ്യക്കടലാസ് ചോര്‍ന്നെന്ന ആരോപണവും ശക്തമായിരുന്നു. കൊമേഴ്‌സ്, സൈക്കോളജി, ജോഗ്രഫി തുടങ്ങിയ പരീക്ഷകളും നല്ല രീതിയില്‍ നടത്തിയെന്ന ആരോപണങ്ങള്‍ ഉയരുമ്പോഴും ഇതിനൊന്നും തന്നെ എന്‍ടിഎ വിദ്യാര്‍ഥികള്‍ക്ക് മറുപടി നല്‍കിയിട്ടില്ല.