ശബരിമല യുവതീപ്രവേശനം: ഒന്‍പതംഗ ബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Supreme Court
രേണുക വേണു| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2025 (10:54 IST)
ശബരിമല യുവതീപ്രവേശന വിഷയം ഉള്‍പ്പടെ പരിഗണിക്കുന്നതിന് 9 അംഗ ഭരണഘടനാബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങളാണ് ഒന്‍പതംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയില്‍ വരുക. ശബരിമല യുവതീപ്രവേശനത്തിന് പുറമെ മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങളും ഒന്‍പതംഗ ബെഞ്ച് പരിഗണിക്കും.

ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബെഞ്ച് എപ്പോള്‍ മുതല്‍ വാദം കേട്ട് തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയില്ല. വേനലവധിക്ക് മുന്‍പായി വാദം കേള്‍ക്കാന്‍ ആരംഭിച്ചാല്‍ നിയമസഭാ തിരെഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങളിലൊന്നായി ശബരിമല പിന്നെയും മാറും.

യുവതീപ്രവേശന വിഷയം പരിഗണിക്കാൻ 2019ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ഒന്‍പതംഗ ബെഞ്ച് രൂപവത്കരിച്ചിരുന്നു. ആ ബെഞ്ചിലെ അംഗങ്ങളില്‍ ഇപ്പോള്‍ സുപ്രീം കോടതിയിലുള്ള ഏക ജഡ്ജി കൂടിയാണ് നിലവിലെ ചീഫ് ജസ്റ്റിസായ സൂര്യകാന്ത്. എസ് എ ബോബ്‌ഡെ, ആര്‍ ഭാനുമതി,അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര റാവു, മോഹന്‍ എം
ശാന്തന ഗൗഡര്‍, എസ് അബ്ദുല്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ് എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :