ഭക്ഷണമില്ലാതെ മനുഷ്യര്‍ക്ക് എത്രകാലം ജീവിക്കാന്‍ കഴിയും? കാലക്രമേണ ശരീരത്തിന് എന്ത് സംഭവിക്കും
ഭക്ഷണമില്ലാതെ ഒരാള്‍ക്ക് എത്രകാലം ജീവിക്കാന്‍ കഴിയും? ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസില്‍ നിന്ന് കൊഴുപ്പിലേക്കും മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളിലേക്കും ശരീരം എങ്ങനെ ക്രമേണ മാറുന്നുവെന്നും ദീര്‍ഘനേരം ഭക്ഷണം ലഭിക്കാത്ത അവസ്ഥയില്‍ മെറ്റബോളിസത്തിന് (ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക്) എന്ത് സംഭവിക്കുന്നുവെന്നും നോക്കാം. നമ്മളില്‍ ഭൂരിഭാഗം പേരും ദിവസവും മൂന്നുനേരം ഭക്ഷണം കഴിക്കുന്നവരാണ്. ഭക്ഷണം കഴിക്കാന്‍ അല്പം വൈകിയാല്‍ പോലും നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. പല കാരണങ്ങളാല്‍ ചിലര്‍ വ്രതമനുഷ്ഠിക്കാറുമുണ്ട്. എന്നാല്‍ ഭക്ഷണം ഒട്ടും ലഭിക്കാത്ത സാഹചര്യത്തില്‍ ഒരാള്‍ക്ക് എത്ര ദിവസം ജീവിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മനുഷ്യശരീരം ഒരു അത്ഭുതകരമായ യന്ത്രത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തില്‍ ഊര്‍ജ്ജം തുടര്‍ന്നും ലഭ്യമാക്കുന്നതിനായി ശരീരം ഒരു പ്രത്യേക 'അടിയന്തര പ്രവര്‍ത്തന രീതി'യിലേക്ക് (emergency mode) മാറുന്നു. ഭക്ഷണം ലഭിക്കാതാകുമ്പോള്‍ ശരീരം ഊര്‍ജ്ജം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. സാധാരണ ദിവസങ്ങളില്‍ ഭക്ഷണത്തില്‍ നിന്നുള്ള 'ഗ്ലൂക്കോസ്' ആണ് നമുക്ക് പെട്ടെന്നുള്ള ഊര്‍ജ്ജം നല്‍കുന്നത്. എന്നാല്‍ ഭക്ഷണം കഴിക്കാത്ത ആദ്യത്തെ 12 മുതല്‍ 24 മണിക്കൂറിനുള്ളില്‍ കരള്‍, പേശികള്‍ എന്നിവയില്‍ സംഭരിച്ചിരിക്കുന്ന 'ഗ്ലൈക്കോജന്‍' വിഘടിപ്പിക്കാന്‍ ശരീരം തുടങ്ങുന്നു.
തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്നതിനായി ശരീരം ഈ ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്നു. എന്നിരുന്നാലും ഈ ഗ്ലൈക്കോജന്‍ ശേഖരം ഏകദേശം ഒന്നോ രണ്ടോ ദിവസം മാത്രമേ നിലനില്‍ക്കുകയുള്ളൂ. രണ്ട് ദിവസത്തിന് ശേഷം ശരീരത്തിലെ ഗ്ലൈക്കോജന്‍ ശേഖരം പൂര്‍ണ്ണമായും തീര്‍ന്നുപോകുന്നു. തുടര്‍ന്ന് ഊര്‍ജ്ജത്തിനായി ശരീരം അതിലെ കൊഴുപ്പ് ശേഖരത്തെ ആശ്രയിക്കുന്നു. വൈദ്യശാസ്ത്രപരമായി ഈ അവസ്ഥയെ 'കീറ്റോസിസ്' (ketosis) എന്ന് വിളിക്കുന്നു.
കരള്‍ ഈ കൊഴുപ്പിനെ വിഘടിപ്പിച്ച് 'കീറ്റോണുകള്‍' (ketones) ആയി മാറ്റുന്നു. രക്തത്തിലൂടെ സഞ്ചരിക്കുന്ന ഈ കീറ്റോണുകള്‍ തലച്ചോറിനും ഹൃദയത്തിനും ആവശ്യമായ ഇതര ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്നു. ശരീരത്തിലെ കൊഴുപ്പിന്റെ അളവിനെ ആശ്രയിച്ച് ഒരാള്‍ക്ക് ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാന്‍ സാധിക്കും. എന്നാല്‍ ഭക്ഷണം കൂടാതെ കുറച്ചുനാള്‍ ജീവിക്കാന്‍ കഴിയുമെങ്കിലും 'വെള്ളം' കൂടാതെ 3 മുതല്‍ 5 ദിവസത്തില്‍ കൂടുതല്‍ ജീവിക്കുക എന്നത് വളരെ പ്രയാസകരമാണ്.