രേണുക വേണു|
Last Modified ശനി, 10 ജനുവരി 2026 (06:19 IST)
WPL 2026: വനിത പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ സ്മൃതി മന്ഥന നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു നാടകീയ ജയം. ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ആര്‍സിബി ലക്ഷ്യം കണ്ടു. അത്യന്തം നാടകീയമായിരുന്നു കളി. അവസാന ഓവറില്‍ ആര്‍സിബിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സ്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ നദൈന്‍ ഡി ക്ലര്‍ക്ക് രണ്ട് സിക്‌സും രണ്ട് ഫോറും നേടി ആര്‍സിബിക്കു ജയം സമ്മാനിക്കുകയായിരുന്നു.
നാറ്റ് സിവര്‍ ആണ് മുംബൈയ്ക്കായി അവസാന ഓവര്‍ എറിയാനെത്തിയത്. ആദ്യ രണ്ട് പന്തുകളില്‍ ക്ലര്‍ക്കിനു റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. ഇതോടെ കളി ജയിച്ചെന്നു മുംബൈ കരുതി. എന്നാല്‍ മൂന്നാം പന്തില്‍ ക്ലര്‍ക്ക് സിക്‌സര്‍ പറത്തി. തൊട്ടടുത്ത പന്തില്‍ ഫോര്‍. അഞ്ചാം പന്ത് വീണ്ടും സിക്‌സര്‍ പായിച്ചു. ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ വെറും രണ്ട് റണ്‍സ് മതിയെന്നായി. അവസാന പന്തില്‍ ഫോര്‍ നേടി ക്ലര്‍ക്ക് മുംബൈയുടെ പ്രതീക്ഷകള്‍ അതിര്‍ത്തി കടത്തി.
44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 63 റണ്‍സുമായി പുറത്താകാതെ നിന്ന ക്ലര്‍ക്കാണ് കളിയിലെ താരം.