സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 23 ജനുവരി 2026 (18:03 IST)
ചെന്നൈ: തിരുപ്പൂരില്‍ ഇന്നലെ നടന്ന ഒരു പരിപാടിക്കിടെ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നേരെ ചെരിപ്പെറിഞ്ഞു.
ജില്ലാ കളക്ടറുടെ ഓഫീസില്‍ നടന്ന കൊങ്കു ആര്‍ട്‌സ് ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫെഡറേഷന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു വൈരമുത്തു. പരിപാടിക്കിടെ വൈരമുത്തുവിന് നേരെ ഒരു ചെരിപ്പെറിഞ്ഞു. എന്നാല്‍ അത് കാണികള്‍ക്കിടയില്‍ വീണു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ചെരിപ്പെറിഞ്ഞത് ഒരു സ്ത്രീയാണെന്ന് കണ്ടെത്തി.
അവര്‍ മാനസികമായി അസ്ഥിരതയുള്ളവരാണെന്ന് പോലീസ് പറയുന്നു. ചെരിപ്പെറിഞ്ഞതിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി നേരത്തെ 'മീ ടൂ' ആരോപണം ഉന്നയിച്ചിരുന്നു. അത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെ വൈരമുത്തു തന്നോട് മോശമായി പെരുമാറിയെന്ന് അവര്‍ വെളിപ്പെടുത്തി.
അന്ന് പലരും വൈരമുത്തുവിനെതിരെ രംഗത്തെത്തി. എന്നാല്‍ ആ ആരോപണങ്ങളെല്ലാം നുണകളാണെന്ന് വൈരമുത്തു പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതിന് അദ്ദേഹത്തിന്റെ ചില ആരാധകര്‍ ചിന്മമിയിക്ക് നേരെ ആക്രമണം നടത്തിയിരുന്നു.