സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 21 ജനുവരി 2026 (18:04 IST)
ചെന്നൈ: യൂട്യൂബില്‍ കണ്ട ശരീരഭാരം കുറയ്ക്കാനുള്ള മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് 19 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. നരിമേട് കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ കലൈയരസിയാണ് മരിച്ചത്. തമിഴ്‌നാട്ടിലെ സെല്ലൂരിലെ മീനമ്പല്‍പുരത്തെ ദിവസവേതനക്കാരനായ വേല്‍ മുരുകന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. ശരീരഭാരം കുറയ്ക്കാന്‍ പെണ്‍കുട്ടി വെങ്ങരം, ബോറാക്‌സ് എന്നിവയാണ് കഴിച്ചത്.
പെണ്‍കുട്ടി ജനുവരി 16 ന് ഒരു കടയില്‍ നിന്ന് ബോറാക്‌സ് വാങ്ങി. ജനുവരി 17 ന് മരുന്ന് കഴിച്ചപ്പോള്‍ കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ മുനിചലൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മധുരയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.